വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിൽ സഹോദരൻ ധ്യാൻ നായകനാകുന്നു. അടുത്ത മാസം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിനു പേരിട്ടിട്ടില്ല. നായികയെയും തീരുമാനിച്ചിട്ടില്ല. തട്ടത്തിൻ മറയത്ത് നിർമ്മിച്ച ശ്രീനിവാസൻ, മുകേഷ് ടീമിന്റെ ലൂമിനർ ഫിലിംസിന്റെ ബാനറിൽ തന്നെയായിരിക്കും ചിത്രം നിർമ്മിക്കുക.

കഥ, തിരക്കഥ, സംഭാഷണം വിനീതിന്റേതാണ്. കഥയും തിരക്കഥയും പൂർത്തിയായി വരുന്നതേയുള്ളൂ. ബി.ടെക് ബിരുദധാരിയായ ധ്യാൻ ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. അമ്മാവൻ കൂടിയായ എം. മോഹനൻ സംവിധാനം ചെയ്ത 916 എന്ന ചിത്രത്തിൽ ധ്യാൻ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.

തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം ഒരുക്കുന്ന സിനിമയുടെ പ്രമേയവും പ്രണയം തന്നെയാണ്. സംഗീതത്തിനും ഈ ചിത്രത്തിൽ പ്രാധാന്യമുണ്ട്. വിവാഹത്തെ തുടർന്ന് തിരക്കുകളിലായിരുന്ന വിനീത് പുതിയ ചിത്രത്തോടെ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ലോ ബജറ്റ് ചിത്രമായ തട്ടത്തിൻ മറയത്ത് ബോക്*സോഫീസിൽ ട്രെൻഡ് സെറ്ററായി മാറുകയായിരുന്നു.

ശ്രീനിവാസന്റെ കുടുംബത്തിൽ നിന്നു സിനിമയിലെത്തുന്ന നാലാമത്തെ കലാകാരനാണ് ധ്യാൻ. നൃത്തവും സംഗീതവും അഭ്യസിച്ച ധ്യാനിന് മുമ്പ് സിനിമയിൽ അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും സ്*നേഹപൂർവ്വം നിരസിക്കുകയായിരുന്നു.

വി. എം.വിനു സംവിധാനം ചെയ്ത അച്ഛന്റെ മകൻ എന്ന ചിത്രത്തിൽ അച്ഛനും മകനുമായി ശ്രീനിവാസനും വിനീതും അഭിനയിച്ചിരുന്നു. ഇനി അച്ഛന്റെ സംവിധാനത്തിൽ മകൻ നായകനായി അഭിനയിക്കുന്ന ചിത്രത്തിനാണ് ചലച്ചിത്ര ലോകം കാത്തിരിക്കുന്നത്. അതും വൈകാതെ സംഭവിക്കുമെന്നാണ് ശ്രീനിവാസനുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്.


Vineeth Sreenivasan

Keywords: new malayalam film, vineeth sreenivasan's brother, vineesh sreenivasan new film,