പ്രായഭേദമെന്യേ സ്ത്രീ, പുരുഷന്മാരില്* സാധാരണ കണ്ടുവരുന്ന അസുഖമാണ് നടുവേദനയെങ്കിലും സ്ത്രീകളിലാണ് കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളത്. നട്ടെല്ല് ശരീരത്തിന്റെ പുറകുവശത്തിന് ബലം നല്*കുന്നതോടൊപ്പം അവയ്ക്കിടയില്* ഇടവിട്ട് കാണപ്പെടുന്ന ഡിസ്*ക് അഥവാ തരുണാസ്ഥികളുടെ വിടവു മൂലം ശരീരം നിശ്ചിത അളവില്* വളയ്ക്കാനും നമുക്ക് കുനിയാനും നിവരാനും കഴിയുന്നു.

കഠിനാധ്വാനം, ഭാരമെടുക്കല്*, ഒരേ ഇരുപ്പില്* അധികസമയം ഇരുന്നുള്ള ജോലി, യാത്ര, അധികസമയം നില്*ക്കല്*, പൊക്കമുള്ള ചെരുപ്പുകള്* ധരിച്ച് അധികദൂരം നടക്കല്*, ഇരുചക്രവാഹനങ്ങളോടിക്കല്* മുതലായവ നടുവേദനയ്ക്ക് കാരണമാകും. നട്ടെല്ലിന് ഇരുവശത്തുനിന്നും പുറപ്പെടുന്ന നാഡീഞരമ്പുകള്*, ചുറ്റുമുള്ളതും വശങ്ങളിലേക്കുള്ളതുമായ പേശികളെ പ്രവര്*ത്തനോന്മുഖമാക്കുന്നു. തെറ്റായ ചലനം മൂലം സുഷുമ്*നാനാഡികള്*ക്കു സമ്മര്*ദമേല്*ക്കുക, രക്തക്കുഴലുകളമരുക ഇവ മൂലം നടുവേദന, പുറംവേദന, കാലുവേദന ഇവയുണ്ടാകും.

പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് കാത്സ്യം കുറഞ്ഞ ആഹാരം നിത്യവുമുപയോഗിക്കുക, പുളിരസമുള്ള കറികള്*, നാരങ്ങാനീര് ഇവ അധികമുപയോഗിക്കുക, ഗര്*ഭിണികള്*ക്ക് ആഹാരത്തിലൂടെ കാത്സ്യം വേണ്ടമാത്രയില്* ലഭിക്കാതിരിക്കുക ഇവയാലും നട്ടെല്ലിന് കട്ടി കുറയാനും അവയില്* ചെറുസുഷിരങ്ങളുണ്ടാവാനുമിടയാകും. ആര്*ത്തവം നിലച്ച് പത്ത് വര്*ഷത്തിനുശേഷവും, ചെറുപ്പത്തിലേ ഗര്*ഭപാത്രം നീക്കം ചെയ്യപ്പെട്ടവരിലും ഇത്തരം അവസ്ഥ സംജാതമാകും. തണുപ്പധികമേല്*ക്കുക, തണുത്ത വെള്ളത്തില്* കുളിക്കുക, തുണി അധികസമയം നിന്ന് കഴുകുക, തറ തുടയ്ക്കുക, വീട്ടിനുള്ളില്* തണുപ്പുകാലത്ത് ചെരുപ്പിടാതെ നടക്കുക മുതലായവയാല്* നടുവേദനയുണ്ടാകും. തണുത്ത ആഹാരം അമിതമായി കഴിക്കുക, തൈര്, മോര്, ഉലുവ മുതലായ ശീതഗുണമുള്ള ആഹാരം അധികം ഉപയോഗിക്കുക, പാല്*, വെണ്ണ, നെയ്യ് ഇവ ഒട്ടുമുപയോഗിക്കാതിരിക്കുക, സൂര്യപ്രകാശമൊട്ടുമേല്*ക്കാതിരിക്കുക, ഉറക്കമൊഴിയുക, ഭയം, ഉത്ക്കണ്ഠ, മാനസികസംഘര്*ഷങ്ങള്* മുതലായവയും നടുവേദനയ്ക്ക് കാരണമാകും.

സ്ത്രീകളില്* ഗര്*ഭകാലത്ത് 4-7 മാസങ്ങള്*ക്കിടയില്* ഗര്*ഭസ്ഥശിശുവിന്റെ വളര്*ച്ചയും ഭാരക്കൂടുതലും മൂലം നട്ടെല്ല് അല്പം വളയുകയും ക്രമേണ, അധികസമയം നില്*ക്കുകയോ നടക്കുകയോ ഭാരമെടുക്കുകയോ ചെയ്താല്* നടുവേദനയുണ്ടാവും. കാലതാമസം നേരിടുന്ന പ്രസവത്താലും പ്രസവാനന്തരം വിശ്രമമെടുക്കാതിരുന്നാലും നടുവേദനയുണ്ടാകും. ആര്*ത്തവസംബന്ധമായ രോഗങ്ങളും നടുവേദനയ്ക്ക് കാരണമാകും. ഗര്*ഭാശയമുഖം ചുരുങ്ങിയിരുന്നാല്* ആര്*ത്തവരക്തസ്രാവം സുഗമമല്ലാതാവുകയും തന്മൂലം ആര്*ത്തവത്തോടനുബന്ധമായി വയര്*വേദന, നടുവേദന ഇവയുണ്ടാകും.

ഗര്*ഭാശയത്തിലുണ്ടാകുന്ന നീര്, അണുബാധ, മുഴകള്* ഇവയും നടുവേദനയ്ക്ക് കാരണമാകും. ഗര്*ഭാശയം താഴോട്ടിറങ്ങിവരുന്നവരില്*, അധികസമയം നില്*ക്കുന്നത് തീവ്രമായ നടുവേദനയുണ്ടാക്കും. പരിശോധനകളിലൂടെ രോഗകാരണം മനസ്സിലാക്കി പ്രതിവിധികള്* ചെയ്തു നടുവേദന നിശ്ശേഷം മാറ്റാം. ഗര്*ഭാശയസംബന്ധമായ രോഗങ്ങള്*മൂലമുണ്ടാകുന്ന നടുവേദന പെട്ടെന്ന് അനുഭവപ്പെടുകയില്ല. നടുവില്* ത്രികാസ്ഥി ഭാഗത്ത് അവ്യക്തരൂപത്തിലായിരിക്കും വേദന. ശരീരത്തിന് പുറത്തു ഏതെങ്കിലും ഭാഗങ്ങള്* സ്​പര്*ശിച്ചാലോ അമര്*ത്തിയാലോ വേദന തോന്നില്ല.

ഇതിന് വിപരീതമായി ശ്രോണീഫലകത്തിന് മുകളില്* അനുഭവപ്പെടുന്ന വേദന, നട്ടെല്ലിന്റെ ഏതെങ്കിലും ഒരുവശത്ത് അനുഭവപ്പെടുന്ന തീവ്രവേദന, കാല്പാദത്തിലേക്ക് വ്യാപിക്കുന്ന വേദന, കുനിയാനോ നിവരാനോ പ്രയാസം തുടങ്ങിയവ അസ്ഥിരോഗങ്ങള്* മൂലമുണ്ടാകുന്ന നടുവേദനയാണെന്ന് തിരിച്ചറിയണം.

സ്ത്രീകള്*ക്കുണ്ടാകുന്ന നടുവേദനയില്* 20 ശതമാനം മാത്രമേ ഗര്*ഭാശയസംബന്ധമായ രോഗങ്ങള്*മൂലമുള്ളതായി കാണുന്നുള്ളൂ. ജോലി ചെയ്യുന്നതോടൊപ്പം ശരീരത്തിനാവശ്യമായ വിശ്രമമെടുക്കാനും മറക്കരുത്. കഠിനാധ്വാനം, ഭാരമെടുക്കല്*, അധികയാത്ര, ഇരുപ്പ് ഇവ നടുവേദനയുള്ളപ്പോള്* കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം.

ആര്*ത്തവകാലത്തെ വേദന, അമിത രക്തസ്രാവം, അടിക്കടിയുള്ള ആര്*ത്തവം, ഗര്*ഭാശയ സംബന്ധമായ രോഗങ്ങള്* ഇവ എത്രയും വേഗം ചികിത്സിച്ചു ഭേദമാക്കണം. പുളി, കയ്പ്പ് ഇവയധികമുള്ള ആഹാരം, ക്രമം തെറ്റിയ ഭക്ഷണരീതി, ഉറക്കൊഴിയുക ഇവ ഒഴിവാക്കണം.

നട്ടെല്ലിന് അമിതമായി ആയാസം നല്*കുന്ന ജോലികള്* ഒഴിവാക്കുക. നടുവേദനയുള്ളവര്* പോഷകമൂല്യമുള്ളതും കാത്സ്യം അധികമുള്ളതുമായ പാലും മറ്റും ആഹാരത്തിലുപയോഗിക്കണം. ദിവസവും എണ്ണ തേച്ച് ചൂടുള്ള വെള്ളംകൊണ്ട് കുളിക്കുന്നത് നടുവേദന ഇല്ലാതാക്കാന്* സഹായിക്കും. വിശ്രമം, വ്യായാമം ഇവ ശരിയായ രീതിയില്* ചെയ്യണം. അസ്ഥിസംബന്ധമായ രോഗങ്ങളില്* വിശ്രമത്തോടൊപ്പം ശരിയായ ഔഷധസേവ കൂടാതെ തൈലങ്ങളായ സഹചരാദി തൈലമോ, കൊട്ടന്*ചുക്കാദി തൈലമോ, ബലാതൈലമോ കൊണ്ടു തടവുക. കിഴി, പിഴിച്ചില്*, ഞവരക്കിഴീ, തൈലവസ്തി, കടീവസ്തി മുതലായ ചികിത്സകള്* നടുവേദന ഇല്ലാതാക്കുവാന്* സഹായിക്കും. കുറുന്തോട്ടി പാല്*ക്കഷായമായി കഴിക്കുന്നതും ഫലപ്രദമാണ്.