-
ഹനീഫയുമായുള്ള അഭിമുഖം ഇവിടെ വായിക്കാം

പതിമൂന്ന് സിനിമകള്* സംവിധാനം ചെയ്യുകയും അതിലേറെ ചിത്രങ്ങള്*ക്ക് തിരക്കഥ എഴുതുകയും ചെയ്ത ഒരാള്* എങ്ങനെയാണ് നടക്കേണ്ടത്? അല്പം ഗൗരവത്തില്*, മസിലുപിടിച്ച്, ഗമയില്*...? അങ്ങനെ തന്നെയാണ് കൊച്ചിന്* ഹനീഫ നടക്കുന്നത്. പക്ഷേ, സഫയ്ക്കും മര്*വയ്ക്കും അതു മനസ്സിലാകണ്ടേ? ഗൗരവത്തില്* നടക്കുന്ന വാപ്പച്ചിയെ കണ്ടാല്* അവര്*ക്ക് ചിരിവരും. തോളിലിരുത്തി ആനകളിക്കാനും കഥപറഞ്ഞുകൊടുക്കാനും കൂട്ട് വന്നില്ലെങ്കില്* കരഞ്ഞ് തോല്പിക്കും.
പതിനൊന്ന് തമിഴ് സിനിമകളിലും മൂന്ന് മലയാള ചിത്രങ്ങളിലും അഭിനയിക്കുന്നതിന്റെ തിരക്കു മറന്ന് കൊച്ചിയിലെ എ.ബി. മന്*സിലില്* കുട്ടികളുമൊത്ത് കുത്തിമറയുകയാണ് ഹനീഫ. അടുത്ത് സ്വല്പം ഗൗരവത്തിലിരിക്കുന്നു വീട്ടമ്മ ഫാസില; 'ഉപ്പയുടെയും മക്കളുടെയും ഒരു കളി!' എന്ന മട്ടില്*.
വിവാഹശേഷം കുഞ്ഞുങ്ങളില്ലാതെ എട്ട് വര്*ഷം. എങ്ങനെ കഴിച്ചുകൂട്ടി ?
അല്പം താമസിച്ചാണെങ്കിലും ആഗ്രഹിച്ചതെല്ലാം ഇരട്ടി മധുരത്തോടെ ദൈവമെനിക്ക് തന്നിട്ടുണ്ട്. കുറേക്കാലം 'പുരനിറഞ്ഞു'നിന്നശേഷം വളരെ യാദൃച്ഛികമായിട്ടായിരുന്നു കല്യാണം. എന്നിട്ടും സുന്ദരിയായ ഫാസിലയെ കെട്ടി. സ്വന്തമായൊരു വീട് വെക്കാന്* മോഹിച്ച് വര്*ഷങ്ങള്* കാത്തിരുന്നു. ഇപ്പോള്* ചെന്നൈയിലും കൊച്ചിയിലും എനിക്ക് വീടുണ്ട്. അത്യാവശ്യം സേഫായി ജീവിക്കാനുള്ള സമ്പാദ്യവും.
കുഞ്ഞുങ്ങളില്ലാതിരുന്നപ്പോഴും കരഞ്ഞ് കാലം കഴിച്ചിട്ടില്ല ഞങ്ങള്*. ദൈവത്തോട് പ്രാര്*ഥിച്ചു. അനാഥാലയങ്ങളില്* പോയി കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുകയും സമയം ചെലവിടുകയും ചെയ്തു. കൊച്ചിയിലെ ഞങ്ങളുടെ വീട്ടിലും തലശ്ശേരിയില്* ഫാസിലയുടെ മാളിയേക്കല്* തറവാട്ടിലും ബന്ധുക്കള്*ക്ക് ഓരോ കുഞ്ഞ് ജനിക്കുമ്പോഴും ആഹ്ലാദിച്ചു. ആ കുട്ടികളെ ഞങ്ങളുടെ കുട്ടികളായി കണ്ട് സ്*നേഹിച്ചു. ഒടുവില്* ദൈവം കനിഞ്ഞു. ഒന്നിനുപകരം രണ്ട് മക്കളെ തന്നു.
ഇരട്ടക്കുട്ടികളാണെന്ന് അറിഞ്ഞപ്പോഴോ?
ഇരട്ടക്കുട്ടികളാണ് ഉണ്ടാകാന്* പോകുന്നതെന്ന് നേരത്തെ സ്*കാനിങ്ങില്* അറിഞ്ഞിരുന്നു. എങ്കിലും ആണോ പെണ്ണോ എന്ന് ഞങ്ങള്* ചോദിച്ചതേയില്ല. പ്രതീക്ഷിച്ചതിനേക്കാള്* 20 ദിവസം മുമ്പേ ആയിരുന്നു പ്രസവം. ചെന്നൈയിലെ 'സൃഷ്ടി' നഴ്*സിങ് ഹോമിലെ പ്രസവവാര്*ഡിന് മുന്നില്* നില്*ക്കുമ്പോള്* നഴ്*സ് വന്നു പറഞ്ഞു! 'പെണ്*കുട്ടികളാണ്' ഏതോ സിനിമയിലെ രംഗമാണെന്നാണ് ആദ്യം തോന്നിയത്.

ജീവിതം മാറിയോ?
എത്രകാലം വേണമെങ്കിലും വീട്ടില്*നിന്ന് അകന്ന് നിന്നിരുന്ന ഞാന്* ഇപ്പോള്* മൂന്നുദിവസത്തില്* കൂടുതല്* മക്കളെ പിരിഞ്ഞിരിക്കാറില്ല. ഓരോ സെക്കന്റിലും അവരെക്കുറിച്ച് മാത്രമാണ് ചിന്ത. രണ്ടര വയസ്സേ ആയിട്ടുള്ളൂവെങ്കിലും അവരുടെ പഠിപ്പ്, വിവാഹം എന്നിവയെക്കുറിച്ചൊക്കെ ഞാന്* സ്വപ്*നം കാണാന്* തുടങ്ങിയിരിക്കുന്നു.
മക്കളുടെ വരവുകൊണ്ട് ഉണ്ടായ വലിയ മാറ്റം ഹനീഫ സിഗരറ്റ് വലി നിര്*ത്തിയതാണെന്ന് ഫാസില അടക്കം പറയുന്നു; 'ഞാന്* വര്*ഷങ്ങളായി ശ്രമിച്ചിട്ട് നടക്കാത്ത കാര്യമാണ് മക്കള്* നിഷ്പ്രയാസം സാധിച്ചത്.'
അടുത്തകാലത്തൊന്നും ഒരു സിനിമയും സംവിധാനം ചെയ്യുന്നില്ലല്ലോ...?
ഇപ്പോള്* അഭിനയിക്കാന്* ധാരാളം ഓഫറുണ്ട്. ഒരു സിനിമയെടുക്കാന്* അഞ്ചാറ് മാസമെങ്കിലും വേണം. സിനിമ പിടിച്ച് തിരിച്ചുവരുമ്പോഴേക്കും നമ്മുടെ സീറ്റില്* കയറി മറ്റാരെങ്കിലും ഇരുന്നാലോ. എങ്കിലും 2009-ല്* എന്റെ സംവിധാനത്തില്* ഒരു തമിഴ് സിനിമ പ്രതീക്ഷിക്കാം.
ഇരുമ്പു വ്യാപാരിയായ മുഹമ്മദ് മകന്* ഹനീഫിനെ കോളേജിലേക്കയച്ചത് സര്*ക്കാറു പണി ആഗ്രഹിച്ചായിരുന്നില്ലേ?
സെന്റ് ആല്*ബര്*ട്*സ് കോളേജില്* പ്രീഡിഗ്രി കഴിഞ്ഞപ്പോള്* വെള്ളായണി അഗ്രികള്*ച്ചറല്* കോളേജില്* ചേരാനായിരുന്നു പ്ലാന്*. പ്രീഡിഗ്രിക്ക് മാര്*ക്ക് കുറവായതുകൊണ്ട് എറണാകുളത്തെ ഒരു രാഷ്ട്രീയക്കാരന്റെ ശുപാര്*ശ കത്തുമായി വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ്*കോയയെ കാണാന്* പോയി.
സി.എച്ചിനെ കണ്ട് കത്ത് കൊടുത്തു. കത്തു നിവര്*ത്തി വായിച്ചശേഷം അതുപോലെ മടക്കി കവറിലിട്ട് തിരിച്ചുതന്നു. 'അര്*ഹതയുണ്ടെങ്കില്* തനിക്ക് അഡ്മിഷന്* കിട്ടും' എന്ന ഉപദേശവും. സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു. ഗേറ്റിന് പുറത്തുകടന്ന ഉടനെ കത്ത് വലിച്ചുകീറി ഓടയിലെറിഞ്ഞു. ഇനിയെന്ത്? കുറച്ചകലെ ചുവരില്* ശിവാജി ഗണേശന്* അഭിനയിച്ച 'തിരുവിളയാടല്*' സിനിമയുടെ പോസ്റ്റര്*. പിന്നെ ഒന്നും നോക്കിയില്ല. നേരെ തിയേറ്ററിലേക്ക്. കേരളത്തില്* തിരുവനന്തപുരത്തും പാലക്കാട്ടും മാത്രമേ 'തിരുവിളയാടല്*' റിലീസ് ചെയ്തിട്ടുള്ളൂ.
അന്ന് ഞാന്* ശിവാജി ഫാനാണ്. എറണാകുളത്തുള്ള ഫാന്*സുകാരാരും പടം കണ്ടിരുന്നില്ല. അവര്*ക്കു മുമ്പില്* ഞാന്* ശിവാജിയേക്കാള്* വലിയ ഹീറോ ആയി. സിനിമയോട് ഇഷ്ടം കയറുന്നത് അന്നുതൊട്ടാണ്. സിനിമാമോഹവുമായി മദിരാശിയിലേക്ക് വണ്ടി കയറുന്നതുവരെ എത്തി ആ ഇഷ്ടം.
അന്ന് കാര്*ഷിക കോളേജില്* അഡ്മിഷന്* ശരിയായിരുന്നെങ്കില്*?
വി.എം. ഹനീഫ എന്ന കൃഷി ഓഫീസര്* കേരളത്തിന്റെ ഏതെങ്കിലും കോണില്* തേങ്ങയും കപ്പയും ഏലവുമെല്ലാം പറിച്ചുനട്ട് പരീക്ഷണം നടത്തി കഴിയുമായിരുന്നു. പക്ഷേ, കൊച്ചിന്* ഹനീഫയ്ക്ക് ഇതില്* കൂടുതല്* ചെയ്യാനായി എന്ന സന്തോഷമുണ്ട്.
25 വര്*ഷമായി ഹനീഫ സിനിമയിലുണ്ട്. ഒരുപാട് സൗഹൃദങ്ങളും കാണുമല്ലോ...?
സിനിമയിലും രാഷ്ട്രീയത്തിലും എനിക്ക് നിറയെ സൗഹൃദങ്ങള്* ഉണ്ട്. പക്ഷേ, മനസ്സുതുറന്ന് എല്ലാം പറയാവുന്ന ഒരു സുഹൃത്ത് ഇതുവരെ എനിക്കുണ്ടായിട്ടില്ല. സിനിമയില്* സ്ഥായിയായ ബന്ധങ്ങള്*ക്ക് സ്ഥാനമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്*. തമിഴില്* കരുണാനിധിക്കൊപ്പം പല സിനിമകള്*ക്കും വേണ്ടി പ്രവര്*ത്തിച്ചു. മറ്റുള്ളവരോട് ഉള്ളതിനേക്കാള്* അടുപ്പക്കൂടുതല്* അദ്ദേഹത്തോടുണ്ട്.
കരുണാനിധിയുമായി ഇത്രയും അടുക്കാനിടയായത് എങ്ങനെ?
അപ്രതീക്ഷിതമായ ഒരു ഫോണ്* വിളിയാണ് ബന്ധത്തിന് തുടക്കം. 'മൂന്ന് മാസങ്ങള്*ക്ക് മുന്*പ്' എന്ന സിനിമ തമിഴിലെടുക്കാനാണ് കലൈഞ്ജര്* വിളിച്ചത്. തമിഴിലത് 'പാശൈപ്പറവകളാ'യി. പടം ഹിറ്റായതോടെ അദ്ദേഹത്തിന്റെ മൂന്നു സിനിമകള്* കൂടി ഞാന്* സംവിധാനം ചെയ്തു. അതോടെ അദ്ദേഹത്തിന്റെ കഥാചര്*ച്ചകളില്* ഞാനും പങ്കാളിയായി. ബന്ധം വളര്*ന്നപ്പോള്* ഡി.എം.കെ.യുടെ പൊതുയോഗങ്ങളില്* പ്രാസംഗികനായി. ഒരു തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കലൈഞ്ജര്* എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. സ്വകാര്യമുറിയിലേക്ക് സ്വീകരിച്ചു. എന്നിട്ട് പറഞ്ഞു; 'ഈ മുറിയില്* രണ്ടു മലയാളികളേ ഇരുന്നിട്ടുള്ളൂ, ഒന്ന് എം.ജി.ആര്*, മറ്റൊന്ന് ഹനീഫ.'
കമല്*ഹാസനുമായി കൂട്ടുണ്ടല്ലേ?
കമല്*ഹാസന്റെ 'മഹാനദി'യിലൂടെയാണ് നടനെന്ന നിലയില്* ഞാന്* ശ്രദ്ധിക്കപ്പെടുന്നത്. അതുപോലൊരു കഥാപാത്രം മലയാളത്തില്* ഇതുവരെ ചെയ്തിട്ടില്ല. മഹാനദിയിലെ എന്റെ അഭിനയത്തെ പ്രശംസിച്ച് 'ആനന്ദവികട'നില്* വന്ന നിരൂപണം കമലാണ് എനിക്ക് അയച്ചുതന്നത്. 'മഹാനദി' കഴിഞ്ഞ് 'കാതലാ കാതലാ' എന്ന ചിത്രത്തിലും ഞങ്ങള്* ഒന്നിച്ചഭിനയിച്ചു. മാസത്തിലൊരിക്കലെങ്കിലും പരസ്പരം ഫോണ്* ചെയ്യാറുണ്ട്.
രജനീകാന്തിന്റെ 'ശിവാജി'യില്* റോള്* കിട്ടിയിരുന്നല്ലോ? അദ്ദേഹവും സുഹൃത്തായിരുന്നോ?
സിനിമാമോഹവുമായി മദിരാശിയിലെത്തിയ അന്നു മുതല്*ക്കേ രജനീകാന്തിനെ അറിയാം. എല്ലാ വൈകുന്നേരങ്ങളിലും സിനിമാക്കാര്* ഏറെയെത്തുന്ന വുഡ്*ലാന്*ഡ് ഡ്രൈവ്*സില്* അദ്ദേഹമെത്തും. സിനിമകളില്* കാണിക്കുന്നതുപോലെ സിഗരറ്റുകൊണ്ടുള്ള ചെപ്പടി വിദ്യകള്* കാണിക്കും. ഇത് ഞാന്* ഏറെനേരം നോക്കിനിന്നിട്ടുണ്ട്.
'ശിവജി'യുടെ സെറ്റില്* വെച്ച് കണ്ടപ്പോള്* രജനി ചോദിച്ചു: 'തന്റെ കൂടെയുണ്ടായിരുന്ന ആ താടിക്കാരന്* എവിടെ' എന്ന്. ആദ്യമായി അദ്ദേഹത്തെ കാണുമ്പോള്* എന്റെ കൂടെ സംവിധായകന്* ജോര്*ജ് കിത്തുവുമുണ്ടായിരുന്നു. താടിക്കാരന്* എന്നുദ്ദേശിച്ചത് കിത്തുവിനെയാണ്. ഞാന്* പോലും മറന്നുപോയ കാര്യം അദ്ദേഹം ഓര്*ത്തിരിക്കുന്നു എന്നറിഞ്ഞപ്പോള്* അത്ഭുതം തോന്നി.
മമ്മൂട്ടിയെ നായകനാക്കി കുറെ സിനിമകള്* സംവിധാനം ചെയ്തിട്ടില്ലേ?
എന്നെ സംവിധായകനാക്കിയതിന്റെ ക്രെഡിറ്റ് മമ്മൂട്ടിക്കാണ്. ശ്രീസായ് പ്രൊഡക്ഷന് ഒരു മലയാളം പടം എടുക്കണം. അതിന് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടണം. ഡേറ്റ് തരപ്പെടുത്താന്* എന്നെയാണ് ചുമതലപ്പെടുത്തിയത്. 'ഹനീഫ പടം ചെയ്താല്* ഞാന്* ഡേറ്റ് തരാ'മെന്ന് മമ്മൂട്ടി. സഹസംവിധായകനായി പോലും പ്രവര്*ത്തിച്ചിട്ടില്ലാത്ത ഞാന്* എങ്ങനെ സംവിധായകനാവും? നിര്*ബന്ധിച്ചപ്പോള്* വഴങ്ങേണ്ടി വന്നു. 'ഒരു സന്ദേശം കൂടി' എന്ന സിനിമയുടെ സംവിധായകനായി അങ്ങനെ ഞാന്*. അതിനു ശേഷം എന്റെ നാല് മലയാള സിനിമകളില്*കൂടി മമ്മൂട്ടി നായകനായി.
മോഹന്*ലാലുമായുള്ള ബന്ധം?
ലാലിനൊപ്പമാണ് ഞാന്* കൂടുതല്* സിനിമകളില്* അഭിനയിച്ചിട്ടുള്ളത്. ഇത്രയും ആത്മാര്*ഥതയുള്ള നടനെ മറ്റെവിടേയും കാണില്ല. 'കിരീട'ത്തിന്റെ സെറ്റില്* ഉണ്ടായ ഒരു സംഭവം ഓര്*ക്കുന്നു. ഞാനും ലാലും തമ്മിലുള്ള ഫൈറ്റ് രംഗമാണ് ഒരു ദിവസം ഷൂട്ട് ചെയ്തത്. എട്ട് മണിക്കൂര്* നീണ്ട ഷൂട്ടിങ്. ഇതിനിടയില്* അല്പസമയംപോലും വിശ്രമമില്ല. വൈകുന്നേരം ഷൂട്ടിങ്ങിന് ശേഷം കുളികഴിഞ്ഞ് ലാലിന്റെ മുറിയിലെത്തിയ ഞാന്* കണ്ടത് ലാല്* കട്ടിലില്* മുഖമമര്*ത്തി കിടക്കുന്നതാണ്. ഇടതുകാലിന്റെ തുടയില്* ഒരു കുരു പഴുത്തുപൊട്ടി ചോരയൊലിക്കുന്നു. ഇത്രയും നേരം വേദന സഹിച്ചുകൊണ്ടാണ് അദ്ദേഹം ഫൈറ്റ് ചെയ്തത്. സൂപ്പര്*സ്റ്റാറല്ലേ, 'ഇന്ന് ഷൂട്ടിങ് പറ്റില്ല' എന്ന് പറഞ്ഞാല്* ആരും നിര്*ബന്ധിക്കില്ല. എന്നിട്ടും തനിക്കുവേണ്ടി മറ്റാരുടേയും സമയം നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.
നടന്*, തിരക്കഥാകൃത്ത്, സംവിധായകന്*. ഏതു വേഷമാണ് കൂടുതല്* ഇഷ്ടം?
നടനെന്ന ഹനീഫയെത്തന്നെ. അഭിനയം എനിക്ക് രക്തത്തിലലിഞ്ഞു ചേര്*ന്നതാണെന്ന് തോന്നാറുണ്ട്. അഭിനയത്തിന് ആദ്യപ്രതിഫലമായി കിട്ടിയ നൂറു രൂപ ഇപ്പോഴും ഞാന്* സൂക്ഷിച്ചുവെച്ചിട്ടുണ്ട്. തീവണ്ടിയിലെ ജനറല്* കമ്പാര്*ട്ടുമെന്റില്* തിക്കിത്തിരക്കി മദിരാശിയിലേക്ക് പോയതും അലഞ്ഞുതിരിഞ്ഞതും മറക്കാനാവില്ല. ഞാന്* ആദ്യമായും അവസാനമായും നടനാണ്. മറ്റെല്ലാം ആയിത്തീര്*ന്നതാണ്.
കുടുംബമായി സിനിമയ്ക്ക് പോവാറില്ലേ?
കല്യാണം കഴിഞ്ഞ് ഇതുവരെ ഒരേ ഒരു സിനിമയ്ക്ക് മാത്രമാണ് ഫാസിലയുമൊത്ത് പോയിട്ടുള്ളത്. 'മീശമാധവന്*' കാണാന്*. പക്ഷേ, ബന്ധുക്കള്*ക്കൊപ്പം പോയി എന്റെ എല്ലാ സിനിമകളും ഫാസില കാണാറുണ്ട്.
'മീശമാധവ'നിലെ ഹൈദ്രോസിനെയും 'പത്ര'ത്തിലെ സഭാപതിയെയുമാണ് കൂടുതല്* ഇഷ്ടമായതെന്ന് ഫാസില.
നല്ല തടിയായിരുന്നല്ലോ കിരീടത്തിലെ ഹൈദ്രോസിന്. ഇപ്പോള്* വല്ലാതെ മെലിഞ്ഞുപോയല്ലോ?
തടി അധികമാവുന്നു എന്ന് തോന്നുമ്പോഴെല്ലാം നന്നായി വ്യായാമം ചെയ്യും. ഇപ്പോള്* ഭക്ഷണം നല്ല നിയന്ത്രണത്തിലാണ്. ഏറ്റവും ഇഷ്ടപ്പെട്ട 'ബുള്*സ്*ഐ' ഫാസില മെനുവില്*നിന്ന് എന്നന്നേക്കുമായി വെട്ടിക്കളഞ്ഞു. ഇറച്ചീം മീനുമെല്ലാം കഴിക്കുന്നത് തീരെ കുറച്ചു. രാവിലെ എണീറ്റ് കുറച്ചുദൂരം ഓടുന്നുണ്ട്.
ഓടാന്* പോകുന്ന വിവരമറിഞ്ഞ് സിനിമാഫീല്*ഡില്* പലരും കളിയാക്കി. 'എടോ ഹനീഫേ താന്* വെറുതെയിങ്ങനെ ഓടീട്ടൊന്നും കാര്യമില്ല. ഈ തടി കുറയാനൊന്നും പോണില്ല' എന്ന്. കളിയാക്കിയവരെ ഇപ്പോഴെങ്ങാനും മുന്നില്* കിട്ടിയിരുന്നെങ്കില്* ഞാന്* പറയും: 'എടാ പന്നീ... 15 കിലോയാടാ കുറഞ്ഞത്... 15 കിലോ...'
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks