ഡോ. എസ്. ജനാര്*ദ്ധനന്റെ രചന-സംവിധാനത്തില്* സുരേഷ് ഗോപി, കേന്ദ്രകഥാപാത്രമായ വിഷ്ണു സഹസ്രനാമം ഐ.പി.എസ്. എന്ന പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്ന ചിത്രമാണ്* 'സഹസ്രം'. ബാല, സന്ധ്യ, സുരേഷ് കൃഷ്ണ തുടങ്ങിയവരൊക്കെയാണ്* ഇതര വേഷങ്ങളില്*. ത്രിലോക് പ്രൊഡക്ഷന്*സിന്റെ ബാനറില്* ത്രിലോക് സുരേന്ദ്രന്* പിള്ള പന്തളമാണ്* ചിത്രത്തിനു വേണ്ടി പണം മുടക്കിയിരിക്കുന്നത്. ഒരു സിനിമാ സംഘം, അവര്* ചിത്രീകരണത്തിനെത്തുന്നൊരു പ്രേതഭവനം; ഈ പശ്ചാത്തലത്തിലൊരു അപസര്*പ്പക കഥ പറയുവാനാണ് ജനാര്*ദ്ധനന്റെ ശ്രമം. നല്ലൊരു ചിത്രമെന്ന വിശേഷണമൊന്നും നല്*കുവാനില്ലെങ്കിലും അടുത്തിറങ്ങിയ പല മലയാളം സിനിമകളുമായും താരതമ്യം ചെയ്താല്* അത്രമോശമല്ലാത്ത ഒന്നാണിതെന്നു പറയാം.'മണിച്ചിത്രത്താഴി'ല്* കണ്ട ആളുമാറിക്കാണലും, കൊല ചെയ്യല്* നാടകവുമൊക്കെ മറ്റൊരു രീതിയില്* അവതരിപ്പിക്കുന്നുണ്ട് ഇതില്*. എന്നാല്* പ്രേതങ്ങളുണ്ടെന്നാണോ ഇല്ലെന്നാണോ സംവിധായകന്* ഉദ്ദേശിച്ചതെന്ന് മനസിലാക്കുക ബുദ്ധിമുട്ടാണ്*. മയക്കുമരുന്നടിച്ച് നടക്കുന്നവന്റെ മനോവിഭ്രാന്തിയാണ്* പ്രേതമെന്ന രീതിയിലൊക്കെ പറഞ്ഞു വന്നിട്ട്, സമയത്ത് രംഗത്തെത്തുവാന്* കഴിയാത്ത നായികയ്ക്ക് പകരമായി യക്ഷി വന്ന് അഭിനയിച്ചിട്ടു പോവുന്നതും അതെടുത്തതിനു ശേഷം സംവിധായകന്* (ചിത്രത്തിനുള്ളില്* മറ്റൊരു സിനിമയുടെ ചിത്രീകരണം നടക്കുകയാണ്*, അതിലെ സംവിധായകനേയും നായികയേയുമൊക്കെയാണ്* ഉദ്ദേശിച്ചത്.) യക്ഷിയെ അഭിനന്ദിച്ചിട്ട് പോയി വിശ്രമിക്കുവാന്* പറയുന്നതുമൊക്കെ തമാശയാണ്*. അതിലും വലിയ തമാശയാണ്* കേസന്വേഷണത്തിനെത്തുന്ന സഹസ്രനാമന്* യക്ഷിയെ വെല്ലുവിളിച്ച് യക്ഷിയുടെ 'ചലഞ്ച്' (എന്താണോ എന്തോ!) ഏറ്റെടുക്കുന്നതും മറ്റും. ഇങ്ങിനെ കുറേ വിവരക്കേടുകള്* ഉണ്ടെങ്കിലും, കുറ്റാന്വേഷണത്തിന്റെ ഭാഗമെടുത്താല്* സാമാന്യം ഭേദപ്പെട്ടൊരു കഥാതന്തുവാണ്* ഡോ. എസ്. ജനാര്*ദ്ധനന്* ചിത്രത്തില്* അവതരിപ്പിക്കുന്നത്. അതിന്റെ പച്ചയില്*, അധികം ഗൗരവം കൊടുക്കാതെ കണ്ടാല്* ചിത്രം കാര്യമായി പ്രേക്ഷകരെ മടുപ്പിക്കില്ല.
മലയാളത്തിലിന്ന് സ്ഥിരമായി നോക്കുകുത്തി വേഷങ്ങളിലെത്തുന്ന കോട്ടയം നസീര്*, സുധീഷ്, ജഗതി ശ്രീകുമാര്*, കൊച്ചു പ്രേമന്* തുടങ്ങിയവരൊക്കെ അല്*പം പ്രാധാന്യമുള്ള വേഷങ്ങളാണ്* ചിത്രത്തില്* അവതരിപ്പിക്കുന്നത്. ഇവരൊക്കെയും തന്താങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്* അവതരിപ്പിച്ചപ്പോള്* ലക്ഷ്മി ഗോപാലസ്വാമി, റിസബാവ, മധു തുടങ്ങിയവരുടെ മറ്റു ചില ചെറുവേഷങ്ങള്* നിറം മങ്ങിപ്പോവുകയും ചെയ്തു. ചിത്രത്തിന്റെ ആദ്യഭാഗങ്ങളിലെത്തുന്ന സുരേഷ് കൃഷ്ണയുടെ വില്ലനാണ്* ശ്രദ്ധനേടുന്ന മറ്റൊരു കഥാപാത്രം. ഇന്ദ്രന്*സ്, കൃഷ്ണ തുടങ്ങി മറ്റുചിലരും ചിത്രത്തിലുണ്ട്. ബാല അവതരിപ്പിക്കുന്നു എന്നതാണ്*, മറ്റൊരു പ്രധാന വേഷമായ വൈശാഖന്* എന്ന കഥാപാത്രത്തിന്റെ ന്യൂനത. നല്ല വേഷങ്ങള്* ലഭിച്ചിട്ടും അവയൊന്നും മികച്ചതാക്കുവാന്* ഈ നടന്* കഴിയാത്തത് കഴിവുകേട് എന്നേ പറയുവാനുള്ളൂ. സുരേഷ് ഗോപിയുടെ സഹസ്രനാമം ഐ.പി.എസ്. എന്ന പോലീസ് വേഷത്തിനും ഏറെ മതിപ്പുണ്ടാക്കുവാന്* കഴിയുന്നില്ല. താന്* കേമനാണ്*, അഭിനയത്തിലും മിടുക്കനാണ്*, ബുദ്ധിമാനാണ്*, വേറെയും എന്തൊക്കെയോ കഴിവുകളുള്ളവനാണ്*, പട്ടരാണ്* എന്നൊക്കെ ആള്*ക്കാര്*ക്ക് മനസിലാകുവാന്* തട്ടിവിടുന്ന ഡയലോഗുകളാവട്ടെ ഈ കഥാപാത്രത്തെ പലപ്പോഴും പരിഹാസ്യമാക്കുകയും ചെയ്യുന്നു.

കൈതപ്രം ദാമോദരന്* നമ്പൂതിരി എഴുതി എം. ജയചന്ദ്രന്* ഈണം പകര്*ന്നിരിക്കുന്ന രണ്ട് ഗാനങ്ങളാണിതില്*. ആല്*ഫോന്*സ് ആലപിച്ചിരിക്കുന്ന "കണ്ണേ! വാ..." എന്ന ഗാനം തുടക്കത്തില്* പേരുവിവരങ്ങള്*ക്ക് പിന്നണിയായാണ്* ഉപയോഗിച്ചിരിക്കുന്നത്. ഗാനരംഗത്തിലെ ബാലയുടെ അഭിനയവും നൃത്തവുമൊക്കെ കണ്ടാല്* സഹതാപം തോന്നും. ചിത്ര പാടിയ, "ഏതോ രാവില്*..." എന്ന ഗാനമാണ്* ചിത്രത്തിനിടയില്* വരുന്നത്. 'മണിച്ചിത്രത്താഴി'ലെ ശോഭനയുടെ നൃത്തച്ചുവടുകളുടെ വികലമായ അനുകരണമാണ്* ഈ ഗാനരംഗത്തില്* കാണുവാനുള്ളത്. നൃത്തസംവിധാനം ചെയ്ത സുജാതയ്ക്കും കുമാര്* ശാന്തിക്കും പുതുതായെന്തെങ്കിലും ചെയ്യുവാനുള്ള ശ്രമമെങ്കിലുമാവാമായിരുന്നു. ശാസ്ത്രീയ നൃത്തം ചെയ്യുന്നതില്* സന്ധ്യയ്ക്കുള്ള പരിമിതികളും ഇവിടെ പ്രശ്നമാവുന്നുണ്ട്. ഇതിനൊക്കെ പുറമെ, ഗാന/നൃത്ത രംഗങ്ങള്* ചിത്രീകരിക്കുന്നതിലുള്ള സംവിധായകന്റെ പ്രതിഭാശുന്യത കൂടിയാവുമ്പോള്*, "ഒരു മുറൈവന്തു പാര്*ത്തായ..." പോലെ മികച്ചതാവേണ്ടിയിരുന്ന ഒരു ഗാനം തീര്*ത്തും അപ്രസക്തമായി ഒടുങ്ങുന്നു.

കാര്യമായ പുതുമകളോ വിശേഷണങ്ങളോ പറയുവാനില്ല, എന്നാല്* കഥയ്ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നല്*കുന്നതില്* അണിയറപ്രവര്*ത്തകര്* വിജയിച്ചിട്ടുണ്ട്. കാണാത്ത കാഴ്ചകളോ വേറിട്ടൊരു ദൃശ്യമികവോ ഛായാഗ്രഹണത്തിലില്ലെങ്കിലും, സെന്തില്* കുമാര്* തരക്കേടില്ലാതെ തന്റെ ക്യാമറ ചലിപ്പിച്ചിട്ടുണ്ടെന്നു കാണാം. അമിതമാവാത്ത മുരുകേശിന്റെ ഇഫക്ടുകളോടൊപ്പം മഹേഷ് നാരായണന്* ഈ ദൃശ്യങ്ങളെ ഭംഗിയായി കൂട്ടിവെച്ചിട്ടുമുണ്ട്. രാജാമണിയുടെ പശ്ചാത്തലസംഗീതം പതിവിന്*പടി ബഹളമയം. പളനിയുടെ ചമയങ്ങളും ജയചന്ദ്രന്റെ വസ്ത്രാലങ്കാരവും പിന്നെ സാബുറാമിന്റെ കലാസംവിധാനവും കഥാഭാഗങ്ങളോട് ഇണങ്ങിപ്പോവുന്നു. ഒടുവിലൊരു കെട്ടിടം പൂര്*ണമായി കത്തുന്ന രംഗം ചിത്രത്തിലുണ്ട്. ഇത്രയെങ്കിലും വിശ്വസിനീയമായി അത്തരമൊരു രംഗം ചിത്രീകരിച്ചത് മലയാളസിനിമയില്* ഇതിനു മുന്*പു കണ്ടതായി ഓര്*മയിലില്ല.

'മഹാസമുദ്ര'മെന്ന ചിത്രത്തിന്റെ സംവിധായകന്*, അഭിനയിക്കുന്നത് സുരേഷ് ഗോപിയും ബാലയും; കാര്യമായൊരു പ്രതീക്ഷയുമില്ലാതെ 'സഹസ്രം' കാണുകയെന്നൊരു സാഹസത്തിനു മുതിരുന്നവരെ വെറുപ്പിക്കുന്നെങ്കിലുമില്ല എന്നത് പതിവായി മലയാളം സിനിമകള്* കാണുന്നവര്*ക്ക് നല്*കുന്ന ആശ്വാസം ചെറുതല്ല. അത്തരമൊരു ആശ്വാസത്തിനു വകയുള്ളവര്* മാത്രം ഒരുവട്ടം കാണുന്നതില്* തെറ്റില്ലാത്തൊരു ചിത്രമായി 'സഹസ്ര'ത്തെ കൂട്ടാം.

തമാശക്കായി സുരാജ് വെഞ്ഞാറമ്മൂടിനേയും സലിം കുമാറിനേയുമൊന്നും ചിത്രത്തില്* കണ്ടില്ല. അവരുടെ ഡേറ്റ് കിട്ടാഞ്ഞതാണോ അതോ അവര്* വേണ്ടെന്ന് സംവിധായകന്* തീരുമാനിച്ചതോ? സംവിധായകന്റെ തീരുമാനമാണെങ്കില്*, അതിനൊരു കൈയ്യടി നല്*കാതെ തരമില്ല.