നമ്മള്* ആദ്യമായി കണ്ടതെന്നാണ് ?
നീയെന്താണിങ്ങനെ മറഞ്ഞുനിന്ന്
ഓര്*മയായ്* എന്നിലേയ്ക്ക് എപ്പോഴും പെയ്തിറങ്ങുന്നത് ?
കുട പിടിക്കാതെ നിന്*റെ കൂടെ നടന്നതും സ്കൂള്* വരാന്തയിലെത്തിയപ്പോള്*
തലമുടിയിലൂടെ അരിച്ചിറങ്ങി നീ എന്*റെ ഫ്രോക്ക് നനച്ചതും ഓര്*മയുണ്ട്
വൈകുന്നേരം നീ എന്*റെ കൂടെ വീട്ടില്* വന്നു . ചേര്*ത്തുനിര്*ത്തി തല
തുടച്ച്* രാസ്നാദിപ്പൊടി തിരുമ്മുന്നതിനിടയില്* അമ്മ എന്നോട് പറഞ്ഞു ,
നീയൊരു ഭീകരനാണെന്ന് . അന്ന് രാത്രി വായിലൂടെ ശ്വസിക്കേണ്ടി
വന്നപ്പോള്* എനിക്ക് നിന്നോട് ചെറിയ ദേഷ്യം തോന്നാതിരുന്നില്ല .
പക്ഷെ റോഡിനരികിലൂടെ ചെറിയ പുഴയായി ഒഴുകിയ നീ തന്ന
കുളിര് ദേഷ്യത്തെ പിന്നിലേയ്ക്ക് വലിച്ചിട്ടു .
ആര്*ത്തലച്ചു പെയ്തിറങ്ങി , നീ മണ്ണിന്*റെ നിറമായി കിടന്ന നേരം
നിന്*റെ മേലെ എന്*റെ പാദസരങ്ങള്* ഒച്ചയോടെ കിലുങ്ങിയപ്പോള്* നീ
എന്*റെ കുഞ്ഞ് കുഞ്ഞുപാവാട നിറയെ നിറമുള്ള പൂക്കള്* വിരിയിച്ചു .
അലക്കുകല്ലില്* ആ പൂക്കളെ മായ്ക്കാന്* അമ്മ പാടുപെട്ടപ്പോള്*
അറിയാതെ പിറുപിറുത്തു . ആ ദേഷ്യം എന്നോടായിരുന്നോ അതോ
നിന്നോടോ ? ഇന്നും എനിക്കറിയില്ല .
മുറ്റത്ത്* നീയൊരു പുഴയായ് ഒഴുകിയപ്പോള്* നോട്ടുബുക്കിലെ കടലാസ്
അടര്*ത്തിയെടുത്ത് വഞ്ചിയുണ്ടാക്കി കളിപ്പാട്ടമായി ഞാനത് നിനക്ക് തന്നു
ആ വഞ്ചിയില്* കടത്തി വിട്ട കറുത്ത ഉറുമ്പിനെ എന്തു ശ്രദ്ധയോടെയാണ്
നീ അക്കരെയ്ക്ക് കൊണ്ടുപോയത് ..
കനത്തു പെയ്യാന്* ആഗ്രഹിച്ചപ്പോള്* നീ ഓടിയെത്തി ദേഹത്ത് ഊക്കോടെ
പതിച്ച്* എന്നെ ഇക്കിളിപ്പെടുത്തിയത് ഇന്നലെയല്ലേ ..
പശു കരയുന്നതും കോഴികള്* കൂടണയാന്* തിടുക്കം കൂട്ടുന്നതും കണ്ടിട്ട് , നീ
വരുമെന്ന് പ്രവചിക്കുന്നത് കേട്ട് , കൊതിയോടെ, നിന്നെ തിരയുമായിരുന്നു .
മേഘങ്ങള്*ക്കുള്ളിലൊളിച്ച്* നീ പലപ്പോഴും എന്നെ പറ്റിച്ചിട്ടുണ്ട് .
മുറ്റത്തെ പായില്* വെയിലേറ്റു ചിരിച്ചു കിടക്കുന്ന ചന്ദ്രന്*റെ മുഖമുള്ള
തേങ്ങാചീളുകളോട് ചങ്ങാത്തം കൂടാന്* നീ എത്തുമ്പോഴും അരുതെന്ന് ഞാന്*
വിലക്കിയിരുന്നില്ലല്ലോ , അത്രയ്ക്ക് ഇഷ്ടമായിരുന്നു നിന്നെ .
നീയൊരു സുഖമുള്ള വികാരമായി പടരാന്* മോഹിച്ച്* , വിശാലമായ കറുത്ത
ആകാശത്തേയ്ക്ക് മുഖമുയര്*ത്തിപ്പിടിച്ചു നോക്കി നിന്നിട്ടുണ്ട് ഞാന്* .
ഇരുട്ടിനെ തള്ളിമാറ്റി , ചിരിയോടെ പതുങ്ങിവന്ന് പുതപ്പിനുള്ളില്* ഒരു
സ്വപ്നമായി എന്നോടൊപ്പം ഉറങ്ങിയിരുന്നത് നീ മറന്നിട്ടുണ്ടാവില്ല .
ഇടവഴി പിന്നിട്ട് വീട്ടിലേയ്ക്കുള്ള ഒതുക്കുകള്* കയറിയപ്പോള്* ആവേശത്തോടെ
നീ ഓടിയണഞ്ഞതും ,പിന്നെ ഞാനൊരു സ്ത്രീയായി വളര്*ന്നിരിക്കുന്നു എന്ന് പറഞ്ഞ്
നിലക്കണ്ണാടി പൊട്ടിച്ചിരിച്ചതും മറക്കാനാവുന്നില്ല .
പിന്* കഴുത്തിലെ സ്പര്*ശം അറികെ , തിമിര്*ത്തു പെയ്യുന്ന നിന്*റെ നേരെ
മനസ്സില്ലാമനസ്സോടെ ജനല്*പ്പാളി അടച്ചപ്പോള്* നിന്*റെ മുഖം വിളറിയോ ,
ഒരു പരിത്യജിക്കപ്പെട്ടവന്റെതുപോലെ ?
ചാഞ്ഞും ചരിഞ്ഞും പിന്നെ ആര്*ത്തുവിളിച്ചും നീ എത്തിയപ്പോഴൊക്കെ
നീ കാണാതെ , ജനവാതിലിപ്പുറത്തിരുന്നു ഞാന്* നിന്നെ അറിയുകയായിരുന്നു .
അച്ഛന്*റെ ചിതയിലെ അഗ്നി കെട്ടുപോകാതിരിക്കാന്* , നീ വരരുതേ എന്ന്
മനസ്സ് കൈകൂപ്പിയപ്പോള്* ദൂരേ മാറി നിന്ന നിന്*റെ മുഖം...
ഇന്ന് ഈ ജനവാതിലിലൂടെ നോക്കുമ്പോള്* നീ വിതറുന്ന മുത്തുകള്*ക്ക് ഇപ്പോഴും
പല പല നിറങ്ങള്* . ഉള്ളം കൈയില്* ചിന്നിച്ചിതറി മുഖത്ത് പടരുന്ന നിനക്ക്
എന്നും ഒരേ കുളിര്*മ്മ .
ആകാശത്തിനപ്പുറം മറഞ്ഞപ്പോള്* മുറ്റത്തെ ചേമ്പിലയില്* നീ വച്ചിട്ടുപോയ
ഒരു വെളുത്ത മുത്ത്* , ഒന്ന് തൊടുന്നതിനു മുന്പ് , നോക്കിനില്*ക്കെ കാറ്റ് വന്ന്
തള്ളിയിട്ടു ആ വലിയ മുത്തിനെ . അവള്*ക്ക് രണ്ടു മുത്തുകള്* പകരം കൊടുത്ത്* ,
ഞാന്* കാത്തുനില്*ക്കാം നിന്നെയും നോക്കി ,
നീ വരുവോളം ......


Keywords: mazha,nee varuvollam,kavithakal, malayalam kavithakal,poems,stories, mazha kadhakal,song of rain