7 നമ്മുടെ നന്മകളെ സ്വയം സംസാരിക്കാൻ അനുവദിക്കണം. മറ്റുള്ളവർ നമ്മുടെ മാതൃകാജീവിതം കണ്ടാണ് വിലയിരുത്തേണ്ടത്, വാക്കുകൾ കേട്ടല്ല. പൊങ്ങച്ചവും സ്വയം പുകഴ്ത്തലും ഒഴിവാക്കുക. അതു നമ്മെ താഴ്ത്തിക്കെട്ടുന്നതിന് തുല്യമാണ്. തന്നത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും. നന്മയുണ്ടാക്കുന്നതേ മറ്റുള്ളവരെക്കുറിച്ച് പറയൂ എന്ന വാശി ഉണ്ടായിരിക്കുക. തിന്മകളെക്കുറിച്ചുള്ള ചർച്ച നമ്മെ ദുഷിപ്പിക്കുകയേ ഉള്ളൂ.

8 മറ്റുള്ളവരെ മുറിപ്പെടുത്തരുത്. വേദനിപ്പിച്ചുകൊണ്ടുള്ള തമാശകൾ യഥാർത്ഥ സന്തോഷം പ്രദാനം ചെയ്യുന്നില്ല. ഇങ്ങനെ പറയുമ്പോൾ നമുക്ക് സുഹൃത്തുക്കളെ നഷ്ടപ്പെടുകയാണ്. ആരെയെങ്കിലും വേദനിപ്പിച്ചാൽ ക്ഷമചോദിക്കാൻ മനസുകാട്ടുക. അതു ചെയ്യാതിരിക്കുമ്പോൾ നാം ആ വ്യക്തിയുടെ ശത്രുവാണെന്ന് കരുതാനിടയാകും. അതിനെക്കാൾ ഉചിതമാണ് നമുക്ക് അബദ്ധം പറ്റിയതാണെന്ന് സമ്മതിക്കുന്നത്. ബന്ധങ്ങൾ വളർത്താനും മുറിഞ്ഞുപോകാതെ സൂക്ഷിക്കാനും എളുപ്പമല്ല എന്ന ബോധ്യം എല്ലായ്*പ്പോഴും ഉണ്ടാകണം.

9 ആരെങ്കിലും നിങ്ങളെക്കുറിച്ച് അപവാദം പറഞ്ഞാൽ അത് ചർച്ചചെയ്യാൻ ഉദ്യമിക്കരുത്. അപവാദം തണുക്കുന്നത് അവ അവഗണിക്കപ്പെടുമ്പോഴാണ്. സത്യമില്ലാത്ത കാര്യങ്ങളാണെങ്കിൽ അവ ആരും വിശ്വസിക്കുന്നില്ല എന്നുതന്നെ കരുതി ജീവിക്കുക. ആരോഗ്യകരമല്ലാത്ത പ്രതികരണം ദഹനത്തെപ്പോലും ഗുരുതരമായി ബാധിക്കാറുണ്ട്.

10 സംസാരത്തിൽ എറെ ശ്രദ്ധിക്കണം. നാം ചിന്തിക്കുന്നതിന്റെ പത്തിലൊന്നുമാത്രം പുറത്തുപറഞ്ഞാൽ മതിയാകും. പ്രധാനപ്പെട്ട തീരുമാനങ്ങളും ചർച്ചകളും നടത്തുന്നതിന് മുൻപ് പറയാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് രണ്ടുവട്ടമെങ്കിലും ചിന്തിക്കണം. ആ വാക്കുകൾ മറ്റുള്ളവരിലുണ്ടാക്കാവുന്ന പ്രതികരണത്തെക്കുറിച്ചും ആലോചിക്കണം. എന്താണ് പറയുന്നത് എന്നതിനെക്കാൾ മറ്റുള്ളവരെ സ്വാധീനിക്കുന്ന ഘടകം എങ്ങനെയാണ് പറയുന്നത് എന്ന വസ്തുതയാണ്. ''വിജ്ഞാനം ശ്രദ്ധിക്കുന്ന ചെവിയാണ് ബുദ്ധിമാൻ അഭിലഷിക്കുന്നത്''(പ്രഭാ. 3:29).