വെള്ളരി പച്ചടി

ഒരു കഷണം വെള്ളരി മതി. ഒരു ചെറിയ വെള്ളരിക്കയുടെ കാൽഭാഗം. തോലും കുരുവും ഒക്കെക്കളഞ്ഞ് കുഞ്ഞുകുഞ്ഞായി അരിഞ്ഞെടുക്കണം. മൂന്ന് പച്ചമുളക് ചീന്തിയിടുക. മുറിച്ചും ഇടാം. മുളകുപൊടി നിങ്ങൾക്ക് വേണമെങ്കിൽ ഇടാം. ഉപ്പും ഇട്ട് വെള്ളം അല്പം മാത്രം ഒഴിച്ചാണ് വേവിക്കേണ്ടത്. വെന്തുകഴിയുമ്പോഴേക്കും വെള്ളം മുഴുവൻ പോയ്ക്കോട്ടെ. കഷണം ബാക്കി മതി. അതിലേക്ക് ഒരു കറിവേപ്പില തണ്ടോടെ ഇടണം. തേങ്ങ ഒരു മൂന്നാലു ടേബിൾസ്പൂൺ, കാൽ ടീസ്പൂൺ കടുകും കൂട്ടി മോരും വെള്ളവും ഒഴിച്ച് അരയ്ക്കണം. വെന്തത് തണുത്താൽ ഈ അരച്ചത് അതിലിട്ട് ഇളക്കുക. പിന്നെ ഒരു മൂന്ന് ടേബിൾസ്പൂൺ തൈരും ഒഴിക്കുക. പിന്നേം ഇളക്കുക. ആദ്യം തൈരൊഴിച്ചാലും കുഴപ്പമൊന്നുമില്ല കേട്ടോ. കടുകും കറിവേപ്പിലയും ചുവന്ന മുളകും വറത്തിട്ടാൽ ആയല്ലോ വെള്ളരിപ്പച്ചടി. പുളിയുള്ള തൈരാണ് നല്ലത്. അല്ലെങ്കിൽ കുറച്ച് പുളിയുള്ള മോരായാലും മതി.