കരൾ സുരക്ഷിതമായാൽ ജീവിതം സുന്ദരം



പ്രഷർ, ഷുഗർ, കൊളസ്ട്രോൾ - ഈ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ് ഫാറ്റി ലിവർ.

എന്താണ് ഫാറ്റി ലിവർ


കരളിൽ കൊഴുപ്പുകെട്ടുന്ന അവസ്ഥയാണ് ഫാറ്റിലിവർ. കൊഴുപ്പു കെട്ടുന്നത് വെളിയിലല്ല, മിറച്ച് കരളിലെ കോശങ്ങളായ ഹെപ്പറ്റോസൈറ്റിന്റെ ഉള്ളിലാണ്. ഓരോ കോശത്തിലും കൊഴുപ്പുതുള്ളികൾ കെട്ടുന്ന അവസ്ഥയെയാണ് ഫാറ്റിലിവർ എന്നു പറയുന്നത്.

കാരണം

ഫാറ്റി ലിവറിന്റെ പ്രധാന കാരണം മദ്യമാണ്. മദ്യത്തിന്റെ ഉപയോഗം കൂടിയതോടെ ഫാറ്റിലിവറും സർവ്വസാധാരണമായി.


മദ്യപാനികൾക്കുണ്ടാകുന്ന കരൾരോഗം മൂന്നുതരത്തിലാണ്. ഒന്നാമത്തെ സ്റ്റേജാണ് ഫാറ്റി ലിവർ. ഈ അവസ്ഥയിൽ മദ്യപാനം നിർത്തിയില്ലെങ്കിൽ രണ്ടാമത്തെ സ്റ്റേജായ ഹെപ്പറ്റൈറ്റിസിലും, പിന്നീട് മൂന്നാമത്തെ സ്റ്റേജായ സിറോസിസിലും വേഗം എത്തിപ്പെടും.

മദ്യപാനികളല്ലാത്തവരിലും ഫാറ്റി ലിവർ കാണാറുണ്ട്. ഇതിനെ `നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ' (NAFLD) എന്ന് വിളിക്കുന്നു. ഇതിന് പല കാരണങ്ങളുണ്ട്.

ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, രക്തത്തിലെ കൊഴുപ്പിന്റെ അളവിലുണ്ടാകുന്ന വർദ്ധനവ് എന്നിവയെല്ലാം രോഗത്തിന് കാരണമാകുന്നു. ഈ രോഗങ്ങളുള്ളവരിൽ ഫാറ്റി ലിവർ കൂടുതലായി കണ്ടുവരുന്നു.

കരളിലുണ്ടാകുന്ന ഒരുകൂട്ടം രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ വന്നേക്കാം. ഉദാഹരണത്തിന് ഹെപ്പറ്റൈറ്റിസ് സി, വിൽസൺസ് *ഡിസീസ്, സ്റ്റോറേജ് ഡിസോർഡറുകൾ തുടങ്ങി ചില അപൂർവ്വ കരൾരോഗങ്ങളും തുടക്കത്തിൽ ഫാറ്റി ലിവർ മാത്രമായി കാണപ്പെട്ടേക്കാം.

ഫാറ്റി ലിവറിനെ പേടിക്കണോ?

ഫാറ്റി ലിവർ ഒരു അപകടകാരിയല്ല. എന്നാൽ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണിത്. വെറും കൊഴുപ്പുകെട്ടൽ മാത്രമേയുള്ളൂ, ലിവറിന്റെ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ടെസ്റ്റുകൾ നോർമലാണെങ്കിൽ ഭയപ്പെടേണ്ട കാര്യമില്ല.

ഒരു രോഗിക്ക് ഫാറ്റി ലിവർ എന്ന അവസ്ഥയുണ്ടാകുകയും എൽ.എഫ്.ടിയിൽ അപാകതകളുണ്ടാകുകയും ചെയ്താൽ ഭാവിയിൽ ഇതു കൂടുതൽ ഗുരുതരമായ ലിവർ സിറോസിസിലേക്കു നയിച്ചേക്കാം. ഇത്തരക്കാർ സിറോസിസ് തടയുവാനായി മരുന്ന് കഴിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫാറ്റി ലിവറുള്ള രോഗികൾ ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തണം. മദ്യം പാടെ ഉപേക്ഷിക്കണം. മറ്റൊരു പ്രധാന ഘടകം വ്യായാമമാണ്. നല്ല വേഗത്തിലുള്ള ഓട്ടം, നടത്തം, നീന്തൽ, കായികാഭ്യാസങ്ങൾ തുടങ്ങി ഏതുതരം വ്യായാമവും ഇതിന് ഉതകുന്നതാണ്.

ദിവസേന മുക്കാൽ മുതൽ ഒരു മണിക്കൂർ വരെയെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ആഹാരരീതികളിൽ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കണം.
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക. ഫാറ്റി ലിവറും പ്രമേഹവുമുള്ള രോഗികൾ ആഹാരക്രമീകരണത്തിലൂടെയും മരുന്നുകളിലൂടെയും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും കൃത്യമായി നിലനിർത്തണം.
മേല്പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി ശ്രദ്ധിക്കുന്ന ഒരു രോഗിക്ക് എൽ.എഫ്.ടിയിൽ വ്യത്യാസങ്ങളുണ്ടെങ്കിൽ ഒരു ഗ്യാസ്ട്രോ എൻട്രോളജിസ്റ്റിനെ കണ്ടശേഷം വേറെ മരുന്നുകൾ കൂടി കഴിക്കേണ്ടി വന്നേക്കാം.

നടത്തേണ്ട ടെസ്റ്റുകൾ

ഫാറ്റി ലിവറുള്ള രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമായ ടെസ്റ്റുകൾ-വയറിന്റെ അൾട്രാസൗണ്ട് സ്കാൻ, ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ, ഹെപ്പറ്റൈറ്റിസ് ബിയുടേയും സിയുടേയും പരിശോധന എന്നിവയും, കരളിന് കേടുണ്ട് എന്നു സംശയിക്കുന്നുവെങ്കിൽ എന്റോസ്കോപ്പി, മറ്റു രക്തപരിശോധനകൾ, ഫൈബ്രോസ്കാൻ, ലിവർ ബയോപ്സി എന്നീ ടെസ്റ്റുകളും നടത്തേണ്ടി വരും.

ഫാറ്റി ലിവർഒരു ജീവിതശൈലീ രോഗമാണ്. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ തളയ്*ക്കാൻ സാധിക്കും.