കഴുത്തിലെ പേശികളുടെയോ, പേശികളെ എല്ലുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങളുടെയോ, ഞരമ്പുകളുടെയോ, കഴുത്തിലെ കശേരുക്കളുടെയോ രോഗങ്ങൾ മൂലം കഴുത്തുവേദന ഉണ്ടാകാം. തേയ്മാനം മൂലമുണ്ടാകുന്ന മാറ്റങ്ങളാണ് കൂടുതൽ പേരിലും കഴുത്തുവേദനയുണ്ടാക്കുന്നത്. അണുബാധമൂലമോ, ട്യൂമറുകൾ മൂലമോ വേദനയുണ്ടാവാം. എന്നാലിത് കുറച്ചുപേർക്കേ ഉണ്ടാവൂ.

തേയ്മാനം മൂലമുണ്ടാകുന്ന രോഗങ്ങളും മാറാരോഗങ്ങളും

ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് എന്നിവയാണ് കഴുത്തുവേദനയുണ്ടാക്കുന്ന സന്ധി - വാത രോഗങ്ങൾ. പ്രായമായവരിൽ കശേരുക്കൾക്കുണ്ടാകുന്ന തേയ്മാനമാണ് ഓസ്റ്റിയോ ആർത്രൈറ്റിസിനു കാരണം റുമാറ്റോയ്ഡ് ആർത്രൈറ്റിസ് എന്ന വാതരോഗം കഴുത്തിലെ സന്ധികളെ നശിപ്പിക്കുന്നു. കഠിനമായ കഴുത്തുവേദനയ്ക്കുകാരണമാകുന്നു.

കഴുത്തിലെ ഡിസ്കുകൾക്കുണ്ടാകുന്ന തേയ്മാനവും വേദനയുണ്ടാക്കാറുണ്ട്. കശേരുക്കൾക്കിടയിൽ, ജലാംശം നിറഞ്ഞ, ജല്ലിപോലുള്ള ഭാഗവുമായി നിൽക്കുന്ന ഡിസ്ക് ഒരു ഷോക്ക് അബ്സോർബർ ആയി പ്രവർത്തിക്കുന്നു. തേയ്മാനംമൂലം ഇതിന്റെ ജലാംശം നഷ്ടപ്പെട്ട് ചകിരിപോലെയായി ഇത് പുറകിലേക്ക് തള്ളുമ്പോൾ കൈകാലുകളിലേക്കുള്ള ഞരമ്പുകളിൽ സമ്മർദ്ദം ചെലുത്തുകയും കഴുത്തുവേദന, കൈവേദന, കൈകാലുകളുടെ ശേഷിക്കുറവ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

അപകടങ്ങളിൽ കഴുത്തിന് ക്ഷതമേൽക്കാൻ സാധ്യത കൂടുതലാണ്. വാഹനാപകടങ്ങൾ, വീഴ്ചകൾ കായിക വിനോദങ്ങൾക്കിടയിലെ അപകടങ്ങൾ എന്നിവമൂലം കഴുത്തിന് ക്ഷതമേൽക്കാം. വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ സേഫ്റ്റി ബൽറ്റ് ഉപയോഗിക്കുന്നതുമൂലം കഴുത്തിൽ ക്ഷതമേൽക്കാനുള്ള സാദ്ധ്യത കുറയ്ക്കാൻ കഴിയും.

ചികിത്സ തേടേണ്ടതെപ്പോൾ?
അപകടങ്ങൾ മൂലമുള്ള കഠിനമായ കഴുത്തു വേദനയിൽ അടിയന്തര ചികിത്സാസഹായം തേടേണ്ടതാണ്. കഴുത്തുവേദന കൈകാലുകളിലേക്ക് പടർന്നിറങ്ങുന്നതായി കാണപ്പെട്ടാലും കൈകാലുകളിൽ തരിപ്പോ, മരവിപ്പോ, ശേഷിക്കുറവോ കണ്ടാലും ഡോക്ടറെ കാണേണ്ടതാണ്.

തുടർച്ചയായി എപ്പോഴും വേദന ഉണ്ടെങ്കിൽ, വേദന
കഠിനമാണെങ്കിൽ,. വേദന കൈകാലുകളിൽ പടർന്നിറങ്ങുന്നുണ്ടെങ്കിൽ,. തലവേദന, തരിപ്പ്, മരവിപ്പ്, ശേഷിക്കുറവ് എന്നിവയുണ്ടെങ്കിൽ എത്രയുംപെട്ടെന്ന് ഒരു അസ്ഥിരോഗവിദഗ്ദ്ധനെയോ, ന്യൂറോ സർജനയോ കാണണം.

വേദനയുടെ ഉറവിടം കണ്ടെത്തേണ്ടത് ശരിയായ ചികിത്സയ്ക്ക് അനിവാര്യമാണ്. ഒരു സമ്പൂർണ പരിശോധന ഇതിന് വേണ്ടിവന്നേക്കാം.

പരിശോധനയിൽ കഴുത്തിൽ ചലനം, വേദന, പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനം എന്നിവ നോക്കും. എക്സ്*റേ പരിശോധനയിലൂടെ വിവിധ അസുഖങ്ങളെക്കുറിച്ച് മനസിലാക്കാൻ കഴിയും. ചിലപ്പോൾ താഴെ പറയുന്ന പരിശോധനയും വേണ്ടി വന്നേക്കാം. എം.ആർ.ഐ: സുഷുമ്ന നാഡിയും ഞരമ്പുകളും വ്യക്തമായി കാണുന്നതിന് ഇത് ഉപയോഗിക്കുന്നു.

സി.ടി സ്കാൻ: കശേരുക്കളുടെ അവസ്ഥ കൃത്യമായി അറിയുന്നതിന്
മയലോഗ്രാം : സുഷുമ്നാ നാഡിയുടെ ആവരണത്തിലേക്ക് മരുന്നുകുത്തിവച്ച് നടത്തുന്ന പരിശോധന
ഇ.എം.ജി: പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനം അറിയാൻ
ഇവ കൂടാതെ ചില രക്തപരിശോധനകളും രോഗ നിർണയത്തിന് ആവശ്യമായി വരാം.

ചികിത്സ
എങ്ങനെ ചികിത്സിക്കണം എന്നത് പരിശോധനാ ഫലത്തെ ആശ്രയിച്ചിരിക്കുന്നു. വിശ്രമം, മരുന്നുകൾ, ഫിസിയോതെറാപ്പി, വ്യായാമമുറകൾ എന്നിവയിലൂടെ ഒട്ടുമിക്കതും മാറിക്കാണാറുണ്ട്.

പേശികൾ വലിഞ്ഞുണ്ടാകുന്ന കഴുത്ത് വേദനയ്ക്ക് ഹ്രസ്വകാലത്തേക്ക് കോളർ പോലെയുള്ളവ കഴുത്തിൽ അണിയാൻ ആവശ്യപ്പെടാറുണ്ട്. ഇതിന്റെ കൂടെ വേദന സംഹാരികളും വിശ്രമവും വേണ്ടിവരാറുണ്ട്. ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ദീർഘകാലം നിലനിൽക്കുന്ന വേദനകൾക്ക് ചില വ്യായാമമുറകളും ഫിസിയോതെറാപ്പിയും നൽകാറുണ്ട്.

കത്തുവേദനയ്ക്ക് ഓപ്പറേഷൻ വളരെക്കുറച്ച് രോഗികൾക്കേ ആവശ്യം വരാറുള്ളൂ. ഡിസ്കുതള്ളൽ മൂലം ഞരമ്പുകൾക്ക് ക്ഷതമുണ്ടാകുമ്പോഴും അപകടങ്ങളിൽ എല്ലിന് പൊട്ടലോ അവയവങ്ങളുടെ തളർച്ചയോ ഉണ്ടാകുമ്പോഴും ഓപ്പറേഷൻ വേണ്ടിവരാറുണ്ട്.