-
വചനം തിരുവചനം
''ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് ദിവസമേ ആയിട്ടുള്ളൂ. ഒരുമിച്ച് ജീവിച്ചത് വെറും രണ്ടു ദിവസം. ലീവില്ലാത്തതുകൊണ്ട് എനിക്കു പെട്ടെന്ന് തിരിച്ചുപോകേണ്ടിവന്നു. എന്റെ മുൻപിൽ രണ്ട് കാര്യങ്ങളാണുള്ളത്. ഒന്നുകിൽ, രണ്ടു ദിവസത്തെ ബന്ധം മറന്ന് എനിക്ക് എന്റെ വഴി നോക്കാം. ഞാനിപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഉപദേശവും അതുതന്നെയാണ്. അല്ലെങ്കിൽ ഈശ്വരനോട് കരുണകാണിക്കാൻ പ്രാർത്ഥിച്ച് എനിക്ക് ദേവിയെ (ഭാര്യ) ചികിത്സിപ്പിക്കാം. എനിക്കൊന്നും ആലോചിക്കാനില്ല ഡോക്ടർ. എന്ത് ചെലവ് വന്നാലും ഞാൻ ദേവിയെ ചികിത്സിപ്പിക്കും. ഈശ്വരൻ എന്റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല.'' കാൻസർ ചികിത്സാവിദഗ്ധനായ ഡോ. വി. പി. ഗംഗാധരന്റെ 'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകത്തിൽ വിവരിക്കുന്ന ഒരു സംഭവമാണിത്. ഡോക്ടർ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: ''എനിക്ക് പെട്ടെന്നു കണ്ണുനിറയുന്നതുപോലെ തോന്നി. ഈശ്വരന്റെ രൂപം ഞാൻ നേരിട്ടു കാണുകയായിരുന്നു.''
''എനിക്ക് ഡോക്ടറുടെ സഹായം വേണം. എനിക്കിവിടെ ഒപ്പംനിന്ന് നോക്കാൻ പറ്റില്ല. ഞാൻ ജോലിചെയ്താലേ ചികിത്സയ്ക്കുള്ള പണം ഉണ്ടാകൂ. പണത്തിന് മറ്റൊരു മാർഗവുമില്ല. വളരെ പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് ദേവി. അവളുടെ അച്ഛനും അമ്മയ്ക്കും ഒപ്പം വന്ന് നില്‍ക്കാമെന്നല്ലാതെ വേറൊന്നിനും പറ്റില്ല. ഞാൻ നാളെത്തന്നെ തിരിച്ചുപോവുകയാണ്.''
വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം വിദേശത്തുപോയ ഭർത്താവ് ഭാര്യക്ക് ബോൺ കാൻസറാണെന്നറിഞ്ഞാണ് തിരിച്ചെത്തിയത്. നടന്നുപോകുന്ന വഴി കാലുമടങ്ങി എല്ലൊടിഞ്ഞു. പ്ലാസ്റ്റർ ഇടുന്നതിനുമുൻപ് നടത്തിയ പരിശോധനയിലാണ് ബോൺ കാൻസറാണെന്ന വിവരം മനസിലായത്. അതും ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടുള്ള ഇനം. ഉടനെ വലതുകാൽ മുറിച്ചുമാറ്റി. ഭർത്താവായ രാജീവ് കാണാനെത്തിയപ്പോഴാണ് അവൾ വിവാഹിതയാണെന്ന കാര്യം ഡോക്ടർക്ക് മനസിലായത്.
''രാജീവ് മുറയ്ക്ക് പണമയച്ചുകൊണ്ടിരുന്നു. ഓരോ കീമോതെറാപ്പിയുടെ അന്നും കൃത്യമായി വിളിക്കും. ദേവിയുടെ അസുഖം പൂർണമായും സുഖപ്പെട്ടു. ദേവി പിന്നീട് എം.എയും ബി.എഡും എടുത്തു. ഇപ്പോൾ ടീച്ചറായി ജോലി ചെയ്യുന്നു. അവർക്ക് രണ്ട് മക്കളുണ്ടായി. അവരോടൊപ്പം ദേവിയും രാജീവും എന്നെ കാണാൻ വന്നു. സന്തോഷം നിറഞ്ഞ മുഖങ്ങളിലേക്ക് നോക്കിനിന്നപ്പോൾ എനിക്ക് ആഹ്ലാദം അടക്കാനായില്ല. രാജീവിന്റെ മനസ് ഒന്നുകൊണ്ടുമാത്രമാണ് ദേവി ഈ കൃത്രിമകാലിലും നിവർന്നുനില്‍ക്കുന്നത്.''
''ഞങ്ങൾ എങ്ങനെയാണ് നന്ദിപറയേണ്ടത് ഡോക്ടർ?'' രാജീവ് ചോദിച്ചു.
''ഞാനാണ് നന്ദിപറയേണ്ടത് രാജീവ്. ദേവിയെ സുഖപ്പെടുത്തിയത് എന്റെ മരുന്നല്ല, രാജീവുതന്നെയാണ്.'' തുടർന്ന് ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്. ''ഞാൻ രാജീവിന്റെ കാല്ക്കൽ മനസുകൊണ്ട് തൊട്ടു. പിടിച്ചുയർത്താൻ സ്*നേഹമുള്ള ഒരു മനസും കൈയുമുണ്ടെങ്കിൽ ആരും ഏത് പടുകുഴിയിൽനിന്നും രക്ഷപ്പെട്ടുപോരുമെന്ന സത്യം ഞാൻ നേരിൽ കണ്ടു.''
ഈ സംഭവത്തിൽ ആ ചെറുപ്പക്കാരന് ഭാര്യയെ ഉപേക്ഷിക്കാനുള്ള കാരണങ്ങൾ കണ്ടെത്താൻ എളുപ്പമായിരുന്നു. ഭാര്യവീട്ടുകാർ രോഗവിവരം മറച്ചുവച്ച് വിവാഹം നടത്തിയെന്ന് പറഞ്ഞാൽ സമൂഹവും അത് അംഗീകരിച്ചേനെ. പക്ഷേ, അയാൾ ഭർത്താവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞ് രോഗം ഉണ്ടായാലും ഒരു വർഷം കഴിഞ്ഞ് സംഭവിച്ചാലും ഒരേ ഉത്തരവാദിത്തമാണ്. ഭാര്യയ്ക്കായി ഭർത്താവും ഭർത്താവിനായി ഭാര്യയും ത്യാഗങ്ങൾ ഏറ്റെടുക്കുമ്പോഴാണ് ദൈവപദ്ധതിയനുസരിച്ചുള്ള കുടുംബങ്ങൾ രൂപപ്പെടുന്നത്. പങ്കാളിയുടെ സ്*നേഹവും പരിചരണവും കരുതലും ഏറ്റവും ആവശ്യമുള്ള അവസരങ്ങളാണ് രോഗാവസ്ഥകൾ. രോഗത്തെ അതിജീവിക്കുന്നതിൽ മാനസികബലത്തിന് കാര്യമായ പങ്കുണ്ട്. രോഗം കീഴ്*പ്പെടുത്തിയ വ്യക്തിയെ പങ്കാളി ഉപേക്ഷിക്കുമ്പോൾ അത് രോഗിയുടെ മനോധൈര്യം നഷ്ടപ്പെടുത്തും. രോഗത്തെ കീഴടക്കാനുള്ള ശക്തികൂടിയാണ് അതുവഴി ഇല്ലാതാക്കുന്നത്. രോഗങ്ങളുടെ പേരിൽ ഭാര്യയെ/ഭർത്താവിനെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കുന്നവർക്ക് വേണമെങ്കിലും നാളെ ഇങ്ങനെയുള്ള രോഗങ്ങൾ വരാം. ചിലപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഭാര്യ/ഭർത്താവിനെ ഉപേക്ഷിക്കുന്നതാണ് ബുദ്ധിയെന്ന് ഉപദേശിക്കാം. അങ്ങനെയുള്ള അഭിപ്രായങ്ങളെ ഉടനെതന്നെ തള്ളിക്കളയണം. ആ ചിന്തകൾ മനസിലിട്ട് താലോലിച്ചാൽ വളരെ പെട്ടെന്ന് അതിന് സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. (രോഗവിവരങ്ങൾ മറച്ചുവച്ച് വിവാഹം നടത്തുന്നതിനെ ഒരുവിധത്തിലും ന്യായീകരിക്കുകയല്ല). വിപരീത ഉപദേശങ്ങൾ നല്കുന്നവർ ഓർക്കണം, അവരുടെ മക്കൾക്കോ മറ്റ് പ്രിയപ്പെട്ടവർക്കോ ഇങ്ങനെയുള്ള അവസ്ഥകൾ വരാം.
സ്*നേഹം പ്രകടനമായി ചുരുങ്ങുകയും ബന്ധങ്ങളെപ്പോലും ലാഭത്തിന്റെ കണ്ണിലൂടെ കാണുകയും ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. വീട്ടിലെ ജോലികളും മക്കളുടെ കാര്യങ്ങളുമൊക്കെ തന്മയത്വത്തോടെ നിർവഹിക്കുന്ന അവസരങ്ങളിൽ ഭാര്യയെ ഇഷ്ടപ്പെടാൻ എളുപ്പമാണ്. ഭാര്യയുടെയും മക്കളുടെയും കുടുംബത്തിലെയും കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്ന ഭർത്താവിനെ സ്*നേഹിക്കുന്നതിനും ത്യാഗത്തിന്റെ ആവശ്യമില്ല. പങ്കാളിയോടുള്ള സ്*നേഹത്തിന്റെ ആഴം അളക്കുന്നത് ഇതുപോലെയുള്ള വിപരീത സാഹചര്യങ്ങളിലാണ്.
സ്*നേഹിക്കാൻ ഭൗതികമായ ഘടകങ്ങൾ ഒന്നും അവശേഷിക്കാത്തപ്പോഴുള്ള പ്രതികരണമാണ് യഥാർത്ഥ മനോഭാവം തെളിയിക്കുന്നത്. ആരോഗ്യവും സൗന്ദര്യവും കഴിവും സമ്പത്തും ഇല്ലാതാകുമ്പോൾ പങ്കാളിയോടുള്ള സ്*നേഹം നഷ്ടപ്പെടുന്നുണ്ടെങ്കിൽ അവർ സ്*നേഹിച്ചത് ഭാര്യ/ഭർത്താവിനെയല്ല. മറിച്ച്, ചില വസ്തുക്കളെയും ഗുണങ്ങളെയുമാണ്.
വിവാഹം ഒരു ദൈവവിളിയായതിനാൽ പങ്കുവയ്ക്കാനും മുറിക്കപ്പെടാനുമുള്ള ആഹ്വാനം അതിൽത്തന്നെയുണ്ട്. സ്വഭാവികമായും സഹനങ്ങൾ അതിന്റെ ഭാഗമാണ്. ഈ സഹനങ്ങളെ ആരൊക്കെ ദൈവകരങ്ങളിൽനിന്ന് സ്വീകരിക്കുന്നുവോ ആ കുടുംബങ്ങളൊക്കെ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. പങ്കാളിക്കുവേണ്ടി സഹനങ്ങൾ പൂർണമനസോടെ ഏറ്റെടുത്ത കുടുംബങ്ങളിലേക്കും അവരുടെ തലമുറകളിലേക്കും ദൈവാനുഗ്രഹങ്ങൾ ഒഴുകിയിറങ്ങും. എന്നാൽ, സഹനങ്ങളുടെ മുകളിൽ ജീവിച്ചിട്ടും അനുഗ്രഹങ്ങൾ പാഴാക്കിക്കളയുന്ന വരുമുണ്ട്. പിറുപിറുപ്പോടെയും സ്വന്തം വിധിയെ പഴിച്ചും സഹനങ്ങൾ സ്വീകരിക്കുന്നവർക്ക് അനുഗ്രഹങ്ങൾ സ്വന്തമാക്കാൻ കഴിയണമെന്നില്ല. അവിടെ സ്*നേഹവും ത്യാഗവുമൊന്നുമില്ല. വന്നത് സഹിക്കാതെ പറ്റില്ലല്ലോ എന്ന മനോഭാവമാണ്. അതിന് ദൈവസന്നിധിയിൽ മൂല്യമുണ്ടാവില്ല.
എല്ലാ ക്രിസ്തീയ വിവാഹങ്ങളിലും ഇന്നുമുതൽ മരണം വരെ സുഖത്തിലും ദുഃഖത്തിലും ഒരുമിച്ചുണ്ടാകുമെന്ന് അൾത്താരയുടെ മുന്നിൽവച്ച് വിശുദ്ധഗ്രന്ഥത്തിൽ കരങ്ങൾ വച്ച് പ്രതിജ്ഞ എടുക്കുന്നുണ്ട്. പിന്നെ എങ്ങനെയാണ് രോഗങ്ങളുടെയും കുറവുകളുടെ പേരിൽ പങ്കാളിയെ ഉപേക്ഷിക്കാമെന്ന് ചിന്തിക്കാൻ കഴിയുന്നത്? ''മണവറയിൽ അവർ തനിച്ചായപ്പോൾ തോബിയാസ് എഴുന്നേറ്റു സാറായോടു പറഞ്ഞു: നമുക്ക് എഴുന്നേറ്റു കർത്താവിന്റെ കാരുണ്യത്തിനായി പ്രാർത്ഥിക്കാം...കർത്താവേ, ഞാൻ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്*കളങ്കമായ പ്രേമത്താലാണ്.
അങ്ങയുടെ കാരുണ്യം എനിക്ക് ഉണ്ടാകണമേ! ഇവളോടൊത്തു വാർധക്യത്തിലെത്തുന്നതിന് അവിടുന്ന് അനുഗ്രഹിച്ചാലും! അവൾ ആമേൻ എന്ന് ഏറ്റുപറഞ്ഞു'' (തോബിത് 8: 4-9).
വചനം തിരുവചനം.
വചനത്തെ മുറുകെ പിടിക്കാന്‍* ..വചനത്തെ ധ്യാനിക്കാന്‍* ..വചനത്തില്‍* വളരാന്‍* ..
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks