ഒരു നീണ്ട മൌനത്തിനൊടുവിൽ മാത്രം
പെയ്തിറങ്ങുന്ന മഴയുടെ,
ആദ്യത്തെ തുള്ളിയാണ്
എനിക്കെന്നും-
അവളുടെ മുഖം!

തെളിഞ്ഞ വേനലിലും
തൊടിയിലെ ഇലച്ചാർത്തുകളിൽ-
പൊതിഞ്ഞു പിടിച്ചിരിക്കുന്ന
മഞ്ഞിന്റെ കുളിരാണ്
എനിക്കെന്നും-
അവളുടെ ഓർമ്മകൾ!

തണുത്തുറഞ്ഞ രാത്രികളിൽ
ഇഷ്ടങ്ങളാൽ പങ്കുവെയ്ക്കപ്പെടുന്ന,
മത്തു പിടിപ്പിക്കുന്ന-
ലഹരിയാണ്
എനിക്കെന്നും-
അവളുടെ സാമീപ്യം!

നിലാവിൽ,
നിഴലിനൊപ്പം-
രാത്രിയെ മുറിച്ച്* നടക്കുമ്പോൾ
കാൽച്ചുവട്ടിലുയരുന്ന
കരിയിലകളുടെ കിരുകിരാ ശബ്ദമാണ്
എനിക്കെന്നും-
അവളിലേക്കുള്ള ദൂരം!

കാറ്റിനൊപ്പം ദൂരങ്ങളേറെ താണ്ടീട്ടും
എവിടെയും-
വിത്തുറപ്പിക്കാനാകാതെ പോയ
ഒരപ്പൂപ്പൻതാടിയാണ്*
എനിക്കെന്നും-
അവളോടുള്ള എന്റെ പ്രണയം!

Keywords:songs,poems,kavithakal,love songs,love poems,malayalam kavithakal