വിഴിഞ്ഞത്തേക്കുള്ള വഴിയിലാണെന്നു തോന്നുന്നു, ഒരിക്കൽ ഒരു ബോർഡുണ്ടായിരുന്നു. "ആലോചനാമൃതം ആഹാരം". ഒരു പരസ്യം, ഗാർവാറേ നൈലോൺവലയുടെ. വലക്കകത്ത്* ഒരു മീനുമുണ്ടായിരുന്നു ചിത്രത്തിൽ. പിന്നീടറിഞ്ഞു, അത്* 'Food for Thought' എന്നതിന്റെ വിവർത്തനമായിരുന്നെന്ന്*. പരിഭാഷക്കാരൻ രസികനാവണം.അറുപതുകളിൽ ആഹാരം നന്നേ കമ്മിയായിരുന്നല്ലോ ഈ നാട്ടിൽ. വടക്കന്* അരിയും തെക്കന്* ഗോതമ്പും വിളമ്പുന്ന കാലം. 'കോഴിറേഷ'നു ക്യൂനിൽക്കുന്ന കാലം. പുഴുക്കലരിക്ക്* പുഴു+കൽ+അരി എന്നു ഭാഷ്യം ചമയ്ക്കുന്ന കാലം. "ഉള്ളിത്തൊലിപോലെ ദോശയുണ്ടാക്കി പൈസ പതിനഞ്ചുമേടിക്കും" എന്ന്* നാട്ടാർ അലമുറയിടുന്ന കാലം (അത്* ഒരു പൈസ നാണയമുള്ള കാലം). നാടൻഹോട്ടലുകളിൽപോലും 'Rice served only once" എന്നും "Janatha Meals Also Available" എന്നുമെല്ലാം എഴുതിവയ്ക്കുന്ന കാലം. അന്നത്തെ ബോംബെയിലും മറ്റും ആഴ്ചയിലൊരിക്കൽ ചോറേവിളമ്പാത്ത കാലം. നാട്ടിൽവന്നു തിരിച്ചുപോകുന്നവർ തലയണക്കുള്ളിലുമൊക്കെ അരിനിറച്ചു അതിർത്തികടത്തുന്ന കാലം.
അൻപതുകളിലെ മക്രോണിയും തൈനാനും ബാജ്രയും ചോളവും പുനരവതരിച്ച കാലം!
രാജ്യമെമ്പാടും ആഹാരരീതി തലകുത്തിനിന്നു അതോടെ. പത്തുകിലോമീറ്ററിനു വാമൊഴിയും അൻപതുകിലോമീറ്ററിന്* ആചാരവും നൂറുകിലോമീറ്ററിന്* ആഹാരവും അഞ്ഞൂറുകിലോമീറ്ററിനു വേഷവും ആയിരംകിലോമീറ്ററിനു ഭാഷയും മാറുന്ന ഈ രാജ്യത്ത്*, ഇതുമൊരു നിശ്ശബ്ദവിപ്ലവമായിരുന്നില്ലേ?
കഞ്ഞിക്കുപോലും കാശില്ലാത്തവനു ഏതു വിപ്ലവം, എന്തു വിപ്ലവം, അല്ലേ?
കുഞ്ഞുണ്ണിമാഷ്* ഒരിക്കൽ എഴുതി, ആവിപറക്കുന്ന ചോറിൽ പപ്പടംകാച്ചിയ എണ്ണയൊഴിച്ചുകഴിക്കുന്നതിന്റെ സ്വാദിനെപ്പറ്റി. പഴങ്കഞ്ഞിയും പഴഞ്ചോറും കഴിച്ചു ജീവിച്ചുമരിച്ചു ഒരു തലമുറ. ഉപ്പുകൂടിയിടാത്ത കഞ്ഞികുടിച്ചു മരിച്ചുജീവിച്ചു, മറ്റൊരു തലമുറ.
ഗുജറാത്തിലെ ഏറ്റവുംവരണ്ട പ്രദേശമായ കച്ഛിലൊരിടത്ത്* ഉണക്കച്ചപ്പാത്തിയും പച്ചമുളകുംമത്രം കഴിച്ചുജീവിച്ച ഒരു വയോവൃദ്ധനെപ്പറ്റി കേട്ടിട്ടുണ്ട്*; ആണ്ടിലൊരിക്കൽമാത്രം പെയ്യുന്ന മഴയിൽ കുളിക്കും, അപ്പോൾ ശേഖരിച്ചുവയ്ക്കുന്ന വെള്ളം കുടിക്കും.
കുറച്ചു മുൻപാണ്*. എന്റെ അച്ഛൻ വയനാട്ടേക്കൊരു യാത്രപോയത്രേ. പാതിവഴിക്ക്* കോഴിക്കോട്ടിറങ്ങേണ്ടിവന്നു. വിശന്നിട്ടെരിപൊരികൊണ്ടപ്പോൾ കണ്ണിൽകണ്ട ഒരു ഹോട്ടലിൽ കയറി. ജന്മനാ ശുദ്ധസസ്യാഹാരിയാണ്*; വിളമ്പിക്കിട്ടിയതോ മീൻകറിയും. മാക്ബത്തിന്റെ മട്ടിലായിപ്പോയി അച്ഛൻ; "വേണോ, വേണ്ടയോ?" മറിച്ചൊന്നും ചിന്തിച്ചില്ലത്രെ. "ആഹരതേ ഇതി ആഹാര:" നാട്ടുകാർക്കു വിഷമമുണ്ടാക്കാതെ, പുറത്തിറങ്ങിയപ്പോൾ എല്ലാം ഛർദ്ദിച്ചുപോയി. തുടർന്നുള്ള യാത്രയിൽ പട്ടിണികിടന്നു. വഴിയും തെറ്റി. രാവേറെച്ചെന്നപ്പോൾ ദൂരെ ഒരു കൽവിളക്കുകണ്ടു. തേടിച്ചെന്നുകയറിയത്* ഒരു നാട്ടമ്പലത്തിൽ. പൂജാരി അത്താഴത്തിനുള്ള വട്ടത്തിലാണ്*. "കുളിച്ചുവന്നാൽ കൂടെക്കൂടാം", പൂജാരി ക്ഷണിച്ചു. അമ്പലത്തിലെ പടച്ചോറ്* പപ്പാതി പകുത്തു. മുറ്റത്തെ പുളിമരത്തിൽനിന്ന്* പച്ചപ്പുളി പറിച്ചെടുത്ത്* രണ്ടു കാന്താരിമുളകുംകൂട്ടി അരച്ചെടുത്തു. വെള്ളംതളിച്ച പടച്ചോറും പുളിച്ചമ്മന്തിയും. അത്രക്കു രുചിയുള്ള ഒരാഹാരം അച്ഛൻ കഴിച്ചിട്ടില്ലത്രെ.
കുറച്ചുവർഷങ്ങൾക്കുമുന്നെ മഹാരാഷ്ട്രസർക്കാർ നാട്ടിലുടനീളം കൂലിപ്പണിക്കാർക്കായി ഒരു ആഹാര-പദ്ധതി തുടങ്ങി: 'ഝുംക-ഭാക്ര'. ഒരു രൂപക്ക്* രണ്ട്* 'ഭാക്രി'യെന്ന ചപ്പാത്തിയും കടലപ്പൊടികൊണ്ടുണ്ടാക്കുന്ന 'ഝുംക'യെന്ന വരട്ടുകറിയുംകിട്ടും സർക്കാർവക കൊച്ചുകൊച്ചു കടകളിൽ. വാങ്ങാൻ പാത്രം കൊണ്ടുപോകണമെന്നുമാത്രം.
അക്കാലത്ത്* ഒരു പത്രവാർത്തയും വന്നു. മുംബയിലെ ജുഹുവിൽ ഒരു പഞ്ചനക്ഷത്രഹോട്ടലിൽ ഒരാൾ മുറിയെടുത്തു. തനിക്കു കഴിക്കാൻ 'ഝുംക-ഭാക്രി' തരണമെന്നായി അയാൾ. ഇല്ലെന്നു ഹോട്ടലുകാരും. വഴക്കെവിടെയെത്തി എന്നറിയില്ല.
ഏതായാലും, താമസിയാതെ കൊൽഹാപ്പൂരിൽ പോയപ്പോൾ ഹോട്ടൽമെനുവിൽ 'ഝുംക-ഭാക്രി' കണ്ട്* എന്തെന്നറിയാൻ ഓർഡർചെയ്തു. കാത്തിരിക്കുമ്പോൾ ജനലിലൂടെ കാണുന്നു, ഹോട്ടൽസേവകൻ പുറത്തെ 'ഝുംക-ഭാക്ര'സ്റ്റാളിൽ ക്യൂ-നിൽക്കുന്നത്*. കുറെകഴിഞ്ഞ്* എന്റെ മുമ്പിൽ നിരക്കുന്നു ഒരു പിഞ്ഞാണത്തിൽ ഝുംക-ഭാക്രിയും, കൂടെ കുറച്ചുള്ളിയും പച്ചമുളകുമൊക്കെ. ബില്ലിൽ വില ഇരുപത്തഞ്ചുമടങ്ങും!
പട്ടിണിക്കാർക്കുള്ള ആ പദ്ധതി പൂട്ടിപ്പോയെന്നാണറിയുന്നത്*. എന്തിനൽഭുതം?
"പചാമ്യന്നം ചതുർവിധം" എന്നും "ആഹാരശുദ്ധൗ ചിത്ത ശുദ്ധി:" എന്നുമെല്ലാം പറയാൻ എളുപ്പം. പകലന്തിയോളം പുറമൊടിച്ചു പണിയെടുത്ത്* പത്തുചില്ലിക്കാശുണ്ടാക്കി പലചരക്കുകടയിൽ പാതിക്കടത്തിൽ പലവ്യഞ്ജനം വാങ്ങി പാതിരായ്ക്കു പുകയടുപ്പിൽ പൊട്ടപ്പാത്രംകയറ്റി പാകംചെയ്ത പകുതിവെന്ത പച്ചിലച്ചപ്പും പട്ടിണിപ്പരിഷകൾക്ക്* പരമാന്നം.
ചന്തയിൽ ചുമടുചുമക്കുന്നവനും പാടത്തിൽ പണിയെടുക്കുന്നവനും വീട്ടിൽ അടിച്ചുവാരുന്നവളും അതിർത്തിയിൽ അഹോരാത്രം കാവൽനിൽക്കുന്നവരും, സ്വാമി സന്ദീപ്* ചൈതന്യ വിസ്തരിക്കുന്ന ആഹാരത്തിന്റെ രജോഗുണത്തെയും തമോഗുണത്തെയും സാത്വികഗുണത്തെയുംപറ്റിയോ തലപുകയ്ക്കാൻ? ഭക്ഷണത്തിലെ കാലറിയും രക്തത്തിലെ HDL-LDL അനുപാതവും അവർ അളക്കുമോ? Oxidants-ഉം free radicals-ഉം transfat-ഉം അവരെ അലട്ടുമോ?
ഗാന്ധിജിയുടെ പഞ്ചശീലങ്ങളാണ്*, 'കാകദൃഷ്ടി, ബകധ്യാനം, ശ്വാനനിദ്ര, കൃശശരീരം, ജീർണവസ്ത്രം'. എന്തായാലും അഞ്ചിൽ അഞ്ചു 'മാർക്ക്*സ്*' അവർക്കുണ്ടല്ലോ 'റിയാലിറ്റി'യിൽ!
"ഉണ്ടവന്* അട കിട്ടാഞ്ഞിട്ട്*, ഉണ്ണാത്തവന്* ഇല കിട്ടാഞ്ഞിട്ട്*!" വൈശ്വാനരൻ വെറുതെയിരിക്കുമോ?
വിവേകാനന്ദനാണു ശരി: ആദ്യം അപ്പം, പിന്നെ ദൈവം; വിശക്കുന്നവന്റെ മുന്നിൽ ആഹാരത്തിന്റെ രൂപത്തിലേ ദൈവംപോലും വരാൻ ധൈര്യപ്പെടൂ! (കൊങ്കണിയിലും ഇതരത്തിൽ ഒരു ചൊല്ലുണ്ട്*: "പൊയ്*ലേ പോട്ടോബ, മാഗിർ വിഠോബ.")
ലീലാവതിടീച്ചർ ഒരിക്കൽ ചൂണ്ടിക്കാട്ടി, മനുഷ്യൻമാത്രമാണ്* ആഹാരം ആസ്വദിച്ചുകഴിക്കുന്ന ജീവി.
തുടർന്ന്*, പഞ്ചസാര കാർബോഹൈഡ്രേറ്റാണെന്ന അറിവ്* അതിന്റെ മധുരത്തെ കുറയ്ക്കുന്നുമില്ല!
അറിവും ആസ്വാദനവും തമ്മിലെന്തു ബന്ധം?
അതാണല്ലോ വഴിയോരത്തെ 'പീറ്റ്സ', പാഷാണവും പുരീഷവുമാണെന്നറിഞ്ഞിട്ടും പയ്യൻമാരും പയ്യത്തികളും വെട്ടിവിഴുങ്ങുന്നത്*!
'അശനം' പുരുഷാർഥങ്ങളിലൊന്നെന്ന്* കൂത്തിലെ ചാക്യാർ പറയും.
'പുനരപി ജനനം, പുനരപി മരണം
ഊണുകഴിഞ്ഞാൽ ഉടനെ ശയനം'
എന്ന്* പുത്തൻ ശങ്കരന്മാരായ (ശം + കര = സുഖത്തെ ചെയ്യുന്ന) അവരും പറയും!