കുഴപ്പത്തിലാവുന്ന മൂന്ന് സ്*ത്രീ-പുരുഷബന്ധങ്ങളിലെ പ്രതിസന്ധികളിലൂടെയും അവയുടെ അപ്രതീക്ഷിതമായ പരിഹാരങ്ങളിലൂടെയുമുള്ള സഞ്ചാരമാണ് രസികന്റെ തിരക്കഥാകൃത്ത് മുരളി ഗോപി എഴുതി കോക്*ടെയിലിന്റെ സംവിധായകൻ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്*ത ഈ അടുത്ത കാലത്ത്. ഈ മൂന്ന് ബന്ധങ്ങളിൽ നിന്നുള്ള ആറു ചിത്രങ്ങളാണ് ഈ അടുത്ത കാലത്തിന്റെ കാതൽ.

1. ദാരിദ്ര്യത്തിന്റെ ആലിംഗനം കടുപ്പത്തിലായിപ്പോയതുകൊണ്ട് ഒന്നു കെട്ടിപ്പിടിക്കണമെന്ന തോന്നൽ പോലുമില്ലാത്ത വിഷ്*ണുവും (ഇന്ദ്രജിത്ത്) രമണിയും (മൈഥിലി). അവർ ഭാര്യയും ഭർത്താവുമാണെന്നു പോലും നമ്മൾ മനസ്സിലാക്കിയെടുക്കുന്നത് മെല്ലെയാണ്.
2. ലാളനകളുടെയും ചുംബനങ്ങളുടെയും മേലടരുകൾ കടന്ന് രതിയിലേക്ക് ഊളിയിടുന്ന ഇതേ വിഷ്*ണുവും രമണിയും.
3. നമുക്ക് അറിയാത്ത കാരണങ്ങളാൽ പരസ്*പരം വെറുക്കാനല്ലാതെ മറ്റൊന്നിനും കഴിയാത്ത അജയ് കുര്യനും (മുരളി ഗോപി) ഭാര്യ മാധുരിയും (തനുശ്രീ ഘോഷ്).
4. ചിലതൊക്കെ മനസ്സിലായെങ്കിലും പൂർണമായി നമുക്ക് പിടി തരാത്ത കാരണങ്ങളാൽ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന, അല്ലെങ്കിൽ വിധി പോലെ വരട്ടെ എന്നു നിശ്ചയിക്കുന്ന അജയ് കുര്യനും മാധുരിയും.
5. മര്യാദയ്*ക്കൊരു കേസ് പോലും തെളിയിക്കാൻ പറ്റാതെ സഹപ്രവർത്തകരുടെ പരിഹാസപാത്രമായി നിൽക്കുന്ന ടോം ചെറിയാൻ എന്ന പൊലീസ് ഓഫീസറും (അനൂപ് മേനോൻ) അയാളുടെ മാധ്യമപ്രവർത്തകയായ രഹസ്യകാമുകി രൂപയും (ലെന). പൊലീസ് ഓഫീസറുടെ തൊഴിൽപ*രമായ പരാജയം ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്*ത്തുന്നുണ്ട്.
6. സന്തുഷ്*ടരായി വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന ടോം ചെറിയാനും രൂപയും.

ഈ ആറു ചിത്രങ്ങളെ ഒരു കൊലപാതകപരമ്പരയിലൂടെയും അതിനെ ചുറ്റിപ്പറ്റി നിൽക്കുന്ന ചില കഥാപാത്രങ്ങളിലൂടെയും ബഹുരേഖീയമായ കഥാവിവരണം (multi-linear, hyper linked എന്നൊക്കെ വിശേഷിപ്പിക്കപ്പെടാറുള്ള, ട്രാഫിക്കിൽ കണ്ട കഥനരീതി) നടത്തി ബന്ധിപ്പിച്ചിരിക്കുകയാണ് മുരളിയും അരുണും. മലയാളകച്ചവടസിനിമയിലെ ഉത്തരാധുനികകാലത്തിന്റെ (postmodernism) ശേഷിക്കുന്ന ഒരേയൊരു അടയാളമായ ക്വട്ടേഷൻ / ഗൂണ്ടായിസം, ഉത്തരോത്തരാധുനികകാലത്തിന്റെ (post-postmodernism) മുഖമുദ്രയായ അവിഹിതബന്ധം എന്നിവ മുതൽ കഷ്*ടകാലത്തിന്റെ (ചന്ദ്രകുമാറിസം / ഗോപാലകൃഷ്*ണനിസം / ഷക്കീലയിസം) ഉപോല്പന്നമായിരുന്ന ബ്ലൂ ഫിലിം നിർമാണം വരെ മുരളിയും അരുണും ഈ ബഹുരേഖീയതയ്*ക്കിടയിൽ യഥേഷ്*ടം ഉപയോഗിച്ചിട്ടുണ്ട്.

PLUSES
രസികൻ എന്ന ഒന്നാന്തരം ട്രാഷ് എഴുതിയതിന്റെയും ബട്ടർഫ്ലൈ ഓൺ എ വീൽ നിർലജ്ജം മോഷ്*ടിച്ച് ഗുരുത്വം തെളിയിച്ചതിന്റെയും (പ്രിയദർശനാണ് ഗുരു) പാപഭാരങ്ങളിൽ നിന്ന് യഥാക്രമം മുരളിയും അരുണും കുറേയെങ്കിലും മോചിതരാകുന്നു എന്നതാണ് ഈ സിനിമ നൽകുന്ന ആദ്യത്തെ ആശ്വാസം. ചില കഥാപാത്രങ്ങളും ചില സന്ദർഭങ്ങളും മുൻപു കണ്ട ചില സിനിമകൾ ഓർമപ്പെടുത്തുമെങ്കിലും മൊത്തമായി ഒരു മോഷണം നടന്നിട്ടില്ല എന്നു തന്നെയാണ് ഇതെഴുതുന്ന നിമിഷം വരെ എന്റെ വിശ്വാസം.

ലൈംഗികതയുടെ പടിവാതിലിലേക്ക് എത്തി നോക്കി നിൽക്കുന്ന ചെറുപ്പക്കാരായ പ്രേക്ഷകരെയും ലൈംഗികത ഒരു ലഹരി പോലെ ഞരമ്പുകളെ ഇളക്കി മറിക്കുമ്പോഴും സദാചാരി(ണി)യുടെ കപടമാന്യതയിൽ വീർപ്പുമുട്ടുന്ന ശരാശരി മലയാളികളേയുമാണ് ഈ സിനിമ പ്രധാനമായും ഉന്നമിട്ടിരിക്കുന്നത്. ഈ റ്റാർഗെറ്റ് പോപ്പുലേഷനു വേണ്ട ഉല്പന്നം നിർമിക്കുന്നതിൽ ഏറെക്കുറേ പൂർണമായിത്തന്നെ അണിയറക്കാർ വിജയിച്ചു. പ്രണയം പോലും ഒരു അവിഹിതബന്ധത്തിന്റെ മൂടുപടത്തിലൂടെ ചിത്രീകരിക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും കാണിക്കുന്ന കരവിരുത് ആലോചനാമൃതം തന്നെ!

പതിവുചുവടുകൾ മാറ്റിച്ചവിട്ടുന്ന കുറേ സന്ദർഭങ്ങളും ജീവിതമുള്ള കുറച്ച് തമാശകളും സുത്യാര്യതയുള്ള കഥാപാത്രങ്ങളും ഈ സിനിമയുടെ സവിശേഷതകളിൽ പെടുന്നു. സാധാരണമായ ജീവിതസന്ദർഭങ്ങളിൽ നിന്ന് തീരെ അസാധാരണമായ ചില വഴിത്തിരിവുകൾ കണ്ടെത്താൻ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്; അവ വളരെ ചലച്ചിത്രാത്മകമായി അവതരിപ്പിക്കാൻ സംവിധായകനും സാധിച്ചു. ഇതിന് ഏറ്റവും രസകരമായ രണ്ട് ഉദാഹരണങ്ങളാണ് ഇടവേളക്കു തൊട്ടു മുൻപുള്ള വിഷ്*ണു-മാധുരി-രുസ്*തം സീനും സിനിമ അവസാനിക്കുന്നതിനുമുൻപുള്ള മാധുരി-രൂപ സീനും.

ഷെഹ്*നാദ് ജലാലിന്റെ ക്യാമറയും ഗോപി സുന്ദറിന്റെ പശ്ചാത്തലസംഗീതവും ഈ സിനിമയുടെ സിനിമാത്വം രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമേ ഒന്നു കൂടിയുണ്ട്: കൃത്യമായ കാസ്റ്റിങ്. ആദ്യംപേരു പറഞ്ഞ അഭിനേതാക്കളെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ വളരെ വിശ്വാസ്യമായി അവതരിപ്പിച്ചു; അഭിനയം കടലാണോ കടലാടിയാണോ എന്നറിയാത്ത മൈഥിലിയും ഒരൊറ്റ എക്*സ്*പ്രഷൻ മാത്രം മുഖത്തുവരുത്തുന്നതിൽ പ്രഗത്ഭനായ നിഷാനും (രുസ്*തം എന്ന കഥാപാത്രം) വരെ!

എടുത്താൽ പൊന്താത്ത ഭാരവുമായി നടക്കുന്ന വലുതും ചെറുതും മുട്ടയിൽ നിന്നു വിരിഞ്ഞിട്ടില്ലാത്തതുമായ സൂപ്പർതാരങ്ങളെ തിരശീലയിലും അവരുടെ ആരാധകരാണെന്നു പറഞ്ഞ് ഉറഞ്ഞുതുള്ളുന്ന ക്രിമിനലുകളെ തിയറ്ററിലും നേരിടേണ്ടിവരുന്നില്ല എന്നത് സാധാരണ ചലച്ചിത്രപ്രേക്ഷകർക്കിടയിൽ ഈ സിനിമയ്*ക്ക് സ്വീകാര്യത വർദ്ധിക്കാൻ കാരണമാകും.

MINUSES
വല്ലാതെ വലിഞ്ഞിഴയുന്ന ആദ്യപകുതി ലക്ഷ്യമില്ലാതെ പോകുന്ന ഒരു സിനിമയാണ് നമ്മൾ കാണുന്നത് എന്ന തോന്നലുണ്ടാക്കും. കാടും പടപ്പും തല്ലി എതിലെയൊക്കെയോ പോകുന്ന സിനിമ മാലിന്യപ്രശ്*നം മുതൽ അന്യസംസ്ഥാനത്തൊഴിലാളികളുടെ സാന്നിധ്യം വരെ കേരളത്തിൽ ലഭ്യമായ എല്ലാ പുലിവാലുകളും ചർച്ച ചെയ്*ത് ചർച്ച ചെയ്*ത് ക്ഷമയുടെ അതിർത്തിയിൽ കൊണ്ടുപോയി നെല്ലിപ്പലക എന്ന ഗാഡ്*ജറ്റ് നമുക്ക് പരിചയപ്പെടുത്തിത്തരും.

ആദ്യം പറഞ്ഞ ആറു ചിത്രങ്ങൾ നിരത്തിവച്ചിട്ട് അവയെ രേഖീയമല്ലാതെ ബന്ധിപ്പിക്കണമെന്ന വാശിയിൽ സൃഷ്*ടിച്ച ഒരു പ്ലോട്ടാണ് ഈ സിനിമയുടേതെന്ന് വ്യക്തം; കുത്തുകൾ യോജിപ്പിച്ച് ചിത്രം പൂർത്തിയാക്കുന്ന ആ പഴയ കളി ഓർമിപ്പിക്കുന്ന മട്ടിൽ (നമുക്കും വേണം ഒരു ട്രാഫിക്.. പിന്നല്ല!). അതിന്റെ ദോഷങ്ങളെല്ലാം ഈ സിനിമയ്*ക്കുണ്ട്. മൂന്നേ മൂന്ന് ഉദാഹരണങ്ങൾ മാത്രം:
1. മുട്ടിനു മുട്ടിനു ഫോൺ വിളിക്കുന്നവർ കഷ്*ടപ്പെട്ട് റസ്*റ്ററന്റിൽ പോയി അവിടെയുള്ള കണ്ണാടിയുടെ പുറകിൽ കടലാസുതുണ്ടെഴുതി വച്ച് രഹസ്യസമാഗമങ്ങൾ പ്ലാൻ ചെയ്യുന്നതിന് ട്രാഫിക്കാക്കണം എന്ന സംവിധായകന്റെ വാശിയല്ലാതെ മറ്റെന്തു ന്യായമാണ് പറയാനുള്ളത്?
2. ഭൂമിയിലെ മാലാഖയാണെന്ന മട്ടിൽ വേദനിക്കുന്ന റിസപ്*ഷനിസ്റ്റ് മഞ്ഞപ്പത്രക്കാരൻ ചേട്ടന്റെ അടുത്ത് പരാതിയുമായി എത്തുന്നതിന് ട്രാഫിക്കാക്കണം എന്ന സംവിധായകന്റെ വാശിയല്ലാതെ മറ്റെന്തു ന്യായമാണ് പറയാനുള്ളത്? ഇത്ര ബുദ്ധിമുട്ടാണെങ്കിൽ, ജോലി രാജി വച്ച് വീട്ടിൽ പോയാൽ പോരേ ആ മാലാഖയ്*ക്ക്!
3. അജയ് കുര്യന്റെ ഡോക്*ടർ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അയാളുടെ രഹസ്യം മഞ്ഞപ്പത്രക്കാരനെ അറിയിക്കുന്നതിനും ട്രാഫിക്കാക്കണം എന്ന സംവിധായകന്റെ വാശിയല്ലാതെ മറ്റെന്തു ന്യായമാണ് പറയാനുള്ളത്?

ട്രാഫിക്കുണ്ടാക്കാനുള്ള ശ്രമത്തിനിടയിൽ കട്ടിലിന്റെ പാകത്തിനു കാലു മുറിച്ചതുപോലെയുള്ള കാര്യങ്ങളും കാണാം.
1. മാധ്യമങ്ങളാൽ ഭരിക്കപ്പെടുന്ന നമ്മുടെ ഈ കേരളത്തിൽ, മാധ്യമപ്പടയുടെ നടുവിൽ നിന്ന് ഒരു ടെലിവിഷൻ ചാനലിന്റെ റിപ്പോർട്ടറെ മാത്രം വിളിച്ച് പതിവായി എക്*സ്*ക്ലൂസീവ് റിപ്പോർട്ടിങ് നടത്തിക്കുന്നത് സ്വപ്*നം കാണാൻ പോലും ഒരു പൊലീസ് ഓഫീസർ ധൈര്യപ്പെടില്ല.
2. ഒരു പ്രകോപനവുമില്ലാതെ ഒരുത്തൻ കത്തി, മുഖംമൂടി, കറുത്ത ടീഷർട്ട് തുടങ്ങിയ തൊഴിലുപകരണങ്ങളുമായി സീരിയൽ കില്ലറായിക്കളയുന്നതിന് ഒരു ന്യായവും എവിടെയും കണ്ടുപിടിക്കാൻ കഴിയില്ല; ഈ കഥകളെ ബന്ധിപ്പിക്കാൻ കൊള്ളാവുന്ന മറ്റൊരു നൂൽ തിരക്കഥാകൃത്തിന് കിട്ടിയില്ല എന്നതല്ലാതെ!
3. മര്യാദയ്*ക്കു ജീവിക്കുന്ന ഒരുത്തന് വെട്ടുവിഷ്*ണു എന്നു പേരിട്ട് അവനാണ് മേൽപ്പറഞ്ഞ കില്ലർ എന്ന് നമ്മൾ വിശ്വസിക്കുന്നെങ്കിൽ അങ്ങു വിശ്വസിച്ചോട്ടെ എന്നു കരുതുന്നതും കട്ടിൽ-കാൽമുറി ടെക്*നോളജിയുടെ കുഴപ്പം തന്നെ.

ട്രാഫിക് നിർമാണത്തേപ്പറ്റിയും കട്ടിൽ-കാൽമുറി ടെക്*നോളജിയേപ്പറ്റിയും ഇനിയും എണ്ണിപ്പറയാൻ പലതുമുണ്ടെങ്കിലും, അതിന്റെ ആവശ്യമില്ലാത്തതുകൊണ്ട് നിർത്തുന്നു. അവിഹിതബന്ധത്തിൽ മാത്രം തല്പരരായി സ്വയം മറന്നിരിക്കുന്ന കാണികളുടെ കണ്ണിൽ ഇതൊന്നും ഒരു പ്രശ്*നമാകാനിടയില്ല എന്നതു വേറെ കാര്യം. (നീലച്ചിത്രം കാണുന്നവർ കലാത്മകതയുടെ നീളവും വീതിയുമല്ലല്ലോ അളക്കാറുള്ളത്!)

വില്ലന്റെ മരണമാണ് ഏറ്റവും വലിയ തമാശ. ഒന്ന് ആത്മാർത്ഥമായി അമർത്തിയാൽ പൊടിഞ്ഞുപോകുന്ന പ്ലാസ്*റ്റർ ഒഫ് പാരീസ് പ്രതിമ തലയിൽ വീണു മരിക്കേണ്ടിവരുന്ന ലോകസിനിമാചരിത്രത്തിലെ ആദ്യവില്ലനായിരിക്കും ഈ അടുത്ത കാലത്തിലെ രുസ്*തം!

ആഴ്*ചച്ചന്തയ്*ക്ക് ആളിറങ്ങുന്നതുപോലെയാണ് കഥാപാത്രങ്ങൾ ഇതിൽ തേരാപ്പാരാ നടക്കുന്നത്! മാലിന്യവിരുദ്ധസമരക്കാർ മുതൽ ഇന്ദ്രൻസിന്റെ വീടുബ്രോക്കറും മാനസികരോഗിയായ പെൺകുട്ടിയും വരെയുള്ള എണ്ണമറ്റ കഥാപാത്രങ്ങളെ ആകാശത്തേക്ക് വെടിവച്ച് പിരിച്ചുവിട്ടിരുന്നെങ്കിൽ ഈ സിനിമയുടെ രസനീയത അത്ര കണ്ട് വർദ്ധിക്കുമായിരുന്നു.

EXTRAS
അശിക്ഷിതരായ കാണികളെ പറ്റിക്കാൻ ഒരു നാട്യത്തിനു വേണ്ടി പലതും ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. അതിന് ഏറ്റവും മികച്ച ഉദാഹരണം റൂബിക്*സ് ക്യൂബാണ്. റൂബിക്*സ് ക്യൂബ് ഒരു സംഭവമാണെന്നും വിത്തൗട്ട് റൂബിക്*സ് ക്യൂബ് ലോകം സീറോയാണെന്നുമൊക്കെ പറഞ്ഞിട്ട് പിന്നെ ഈ സാധനം കാര്യമായിട്ടൊന്നു കാണിക്കുന്നത് അവസാനസീനുകളിലാണ്. രണ്ടുമൂന്നു മണിക്കൂറായി ഒരേ ഇരിപ്പിരുന്ന് ബോറടിച്ച റൂബി*ക്*സ് ക്യൂബ് സ്വയം കറങ്ങിത്തിരിഞ്ഞ് ആറു വശവും ശരിയാക്കുന്നതുപോലെ ഒറ്റ ശരിയാകലാണ് പിന്നല്ല!

എന്തൊക്കെ പറഞ്ഞാലും വിഗ്ഗിൽ ആരോ മലയാളസിനിമയ്*ക്കു ശാപം കൊടുത്തിട്ടുണ്ട്. സുന്ദരനും ഭാര്യയാൽ കാമിക്കപ്പെടുന്നവനുമാകാൻ തത്രപ്പെടുന്ന അജയ് കുര്യൻ ന്യായമായും ഒരു ജെറ്റ്-ബ്ലാക് വിഗ് അർഹിക്കുന്നു. എന്നിട്ടും പാവത്തിന് ഒരു നരച്ച വിഗ് വയ്*ക്കേണ്ടി വന്നത് അതുകൊണ്ടാണെന്നേ ഞാൻ പറയൂ. ഈ വിഗ്*ശാപത്തിൽ നിന്ന് നമ്മുടെ അഭിനേതാക്കളെ രക്ഷിക്കാൻ ആരു വരുമോ ആവോ.

LAST WORD
വലിയ സംഭവമാണെന്നൊക്കെ പരസ്യങ്ങളിൽ പറയുന്നത് വിശ്വസിച്ച് അമിതപ്രതീക്ഷയൊന്നും തലയിലേറ്റാതെ പോയാൽ കണ്ടിരിക്കാവുന്ന ഒരു സിനിമ. (ഇന്റർവെല്ലിനു വാങ്ങുന്ന പോപ്*കോൺ ആദ്യമേ വാങ്ങിയാൽ ഇഴയുന്ന ആദ്യപകുതി കടക്കാൻ ഉപകരിക്കും.)