കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലെ ഫഹദേ അല്ല ഇപ്പോഴത്തെ ഫഹദ്' എന്നാണ് എല്ലാ മലയാളികളും പറയുന്നത്. എന്നാൽ തനിക്ക് മാറ്റം വന്നിട്ടില്ലെന്നും മാറ്റം ഉണ്ടായത് പ്രേക്ഷകർക്കാണെന്നുമാണ് ഫഹദിന്രെ പക്ഷം. ഇപ്പോൾ കൈനിറയെ അവസരങ്ങളാണ് ഫഹദിന്. വളരെ നാച്വറലായ അഭിനയം കൊണ്ടാണ് ഫഹദ് പ്രേക്ഷകരെ കൈയിലെടുത്തിരിക്കുന്നത്. ഒരേ സമയത്ത് ഒരുപാട് ചിത്രത്തിൽ അഭിനയിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഫഹദിന്രെ മറുപടി അത് മാധ്യമങ്ങൾ പറയുന്നതാണെന്നാണ്. 'നാല് വർഷങ്ങൾക്കു മുന്പുള്ള ഞാൻ തന്നെയാണ് ഇപ്പോഴുള്ളത്. എനിക്ക് എന്തെങ്കിലും മാറ്റങ്ങൾ വന്നതായി തോന്നുന്നില്ല. സിനിമയ്ക്കും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. മാറിയത് പ്രേക്ഷകരാണ്'-ഫഹദ് പറഞ്ഞു. ലിജോ ജോസ് പല്ലിശേരിയുടെ ആമേൻ എന്ന ചിത്രമാണ് ഫഹദിന്രെ പുതിയ ചിത്രം. അതിലെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിന് സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ശ്യാംപ്രസാദ് സംവിധാനം ചെയ്യുന്ന ആർട്ടിസ്റ്റ് എന്ന ചിത്രത്തിന്രെ ചിത്രീകരണം പൂർത്തിയാക്കി അടുത്ത ചത്രത്തിന്രെ തിരക്കുകളിലേയ്ക്ക് പോകുകയാണ് താരം. അന്ധനായ ഒരു ചിത്രകാരാനെയാണ് ആർട്ടിസ്റ്റ് എന്ന സിനിമയിൽ ഫഹദ് അവതരിപ്പിക്കുന്നത്. അൻവർ റഷീദിന്രെ അഞ്ചു സുന്ദരികൾ,​ ശശിധരന്രെ ഒളിപ്പോര്,​ പ്രിയനന്ദനന്രെ അരികിൽ ഒരാൾ എന്നിവയാണ് വരാനിരിക്കുന്ന ഫഹദ് ചിത്രങ്ങൾ.